റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരിലെ കുടുംബശ്രീ പ്രവർത്തകർക്ക് 2007-ൽ കുടുംബശ്രീയുടെ ഒമ്പതാം വാർഷികത്തിൽ തോന്നിയ ആശയമാണ് നിർമാല്യം ​ഗോൾഡ്. പെണ്ണുങ്ങൾ തുടങ്ങുന്ന ബിസിനസ്സ് എല്ലാം പൊളിഞ്ഞുപോകുമെന്ന് പറഞ്ഞ് വീട്ടുകാരും നാട്ടുകാരും കളിയാക്കി. വല്ല അച്ചാറോ ചമ്മന്തിപ്പൊടിയോ അങ്ങനെ അറിയാവുന്ന വല്ലതും ഉണ്ടാക്കി വിറ്റാൽ പോരേ, വല്യ പൈസ മുടക്കി ബിസിനസ്സ് ചെയ്ത് കടം ഉണ്ടാക്കിവെക്കണോ എന്ന് ചോദിച്ച് പലരും നിരുത്സാഹപ്പെടുത്തി. പക്ഷെ, അവർ എട്ടു സ്ത്രീകളും ഉറച്ചുതന്നെയായിരുന്നു. അങ്ങനെ കുടംബശ്രീയുടെ പത്താം വാർഷികത്തിൽ 9 ലക്ഷം രൂപ മുതൽമുടക്കിൽ ചെറുവണ്ണൂരിലെ മധുര ബസാറിൽ നിർമ്മാല്യം ജ്വല്ലറി എന്ന സംരഭത്തിന് തുടക്കം കുറിച്ചു. മൂന്നുവർഷംകൊണ്ട് ബാങ്ക് ലോൺ അടച്ചുതീർത്തു. ഇന്ന് 14-ാമത്തെ വർഷത്തിൽ എത്തിനിൽക്കുമ്പോൾ ജില്ലയുടെ പല ഭാ​ഗങ്ങളിലുള്ള 13 കുടുംബശ്രീ പ്രവർത്തകർക്കുകൂടി വരുമാനം നൽകുന്ന സ്ഥാപനമാണ് നിർമ്മാല്യം ​ഗോൾഡ്. എല്ലാ പ്രതിസന്ധികളേയും തരണംചെയ്യും എന്ന ഉറച്ച തീരുമാനം തന്നെയാണ് വളർച്ചയ്ക്ക് പിന്നിൽ.

2007-ൽ ചെറുവണ്ണൂർ-നല്ലളത്തെ സി.ഡി.എസ്. ചെയർപേഴ്സണായിരുന്ന നിർമ്മലയാണ് ചെറുവണ്ണൂരിലെ കുടുംബശ്രീക്കാർക്ക് ഒരു സംരഭം തുടങ്ങിക്കൂടേ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ യോ​ഗങ്ങളിലും പോയി പലതവണ സംസാരിച്ചിട്ടും ആദ്യഘട്ടത്തിലൊന്നും ആരും മുന്നോട്ടുവന്നില്ല. പിന്നീടാണ് ഒരു കുടുംബശ്രീ യോ​ഗത്തിൽ ഇമിറ്റേഷൻ​ ​​ഗോൾഡ് വാങ്ങി വിൽക്കാം എന്ന ആശയം വരുന്നത്. പക്ഷെ കുടുംബശ്രീക്കാർ മറ്റുള്ളവരുടെ മാർക്കറ്റിങ് തൊഴിലാളികൾ ആവരുത്, സ്വയംസംരഭകരാവണം.എന്ന് നിർമ്മല അവരോട് ഉറപ്പിച്ച് പറഞ്ഞു. അങ്ങനെയാണ് ഇമിറ്റേഷൻ ​ഗോൾഡ് സ്വന്തമായി നിർമ്മിച്ചുവിൽക്കുക എന്ന ആശയത്തിലേക്ക് എത്തുന്നത്. അന്നത്തെ പഞ്ചായത്ത് മെമ്പറായ ശിവദാസനും ഈ ആശയത്തെ പിന്താങ്ങി.

ഒരു വാർഡിലെ 35 കുടുംബശ്രീ അം​ഗങ്ങളെ വെച്ച് യോ​ഗംചേർന്നു. ഒരു വർഷത്തോളം കോഴിക്കോട് പാളയം മുതൽ തൃശ്ശൂർവരെ ഇമിറ്റേഷൻ ​ഗോൾഡിന്റെ പണികൾ ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പോയി ജ്വല്ലറി നിർമാണത്തെ കുറിച്ച് പഠിച്ചു. തൃശ്ശൂർ എ വൺ പ്രോഡക്ട് എന്ന കമ്പനിയുടെ പ്ലാന്റിൽ പോയി ഉത്പാദന പ്രക്രിയ പഠിച്ചു. അവസാനം കുടുംബശ്രീ ജില്ലാ മിഷന് പ്രൊജക്ടും സമർപ്പിച്ചു. 5 ലക്ഷം രൂപയായിരുന്നു പ്രൊജക്ട് കോസ്റ്റ്. മുടക്കുമുതലിന്റെ കണക്ക് കേട്ടപ്പോൾ വീട്ടുകാർ പിന്തുണയ്ക്കില്ലെന്നായി. കുടുംബശ്രീ പെണ്ണുങ്ങൾ 5 ലക്ഷം രൂപയ്ക്ക് ബിസിനസ്സ് ചെയ്യാനോ എന്ന് പറഞ്ഞ് പലരും മൂക്കത്ത് വിരൽവെച്ചു.

പെണ്ണുങ്ങൾ ബിസിനസ് തുടങ്ങിയാൽ പൊളിഞ്ഞ് കുത്തുപാളയെടുക്കുമെന്ന് പലരും നിരുത്സാഹപ്പെടുത്തി. ചമ്മന്തിപ്പൊടിയോ അച്ചാറോ അങ്ങനെ അറിയാവുന്ന വല്ലതും ഉണ്ടാക്കി വിറ്റാൽ പോരേയെന്ന് ചോദിച്ച് പലരും കളിയാക്കി. ഒടുവിൽ പദ്ധതിയ്ക്ക് ഒപ്പംനിന്ന 35 പേരിൽ 34 പേരും പിൻവാങ്ങി.ഒരാളൊഴികെ മറ്റെല്ലാവരും പിൻമാറിയതോടെ സംരഭം മുന്നോട്ടുകൊണ്ടുപോകാൻ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീയിലും പോയി യോ​ഗംചേർന്നു. അങ്ങനെ എട്ട് സ്ത്രീകൾ സംരഭത്തിൽ പങ്കാളികളാവാനുള്ള താത്പര്യവുമായി എത്തി. രഞ്ജിനി, ആനന്ദവല്ലി, സൗദാബി, പ്രീതി, മിനി, ലൈല, നിർമല, സുലോചന എന്നിവരുടെ നിശ്ചയദാർഢ്യമാണ് നിർമാല്യം ​ഗോൾഡ് എന്ന ആശയം യാഥാർഥ്യമാക്കിയത്.

ഒരു ലക്ഷം രൂപ ജില്ലാ മിഷൻ സബ്സിഡിയായി നൽകി. 2500 രൂപ ഓരോ അം​ഗങ്ങളും എടുത്തു. ബാക്കി ബാങ്ക് ലോൺ എടുത്തു. തൃശൂരിലെ എ-വൺ കമ്പനി ഉപകരണങ്ങളും ഒപ്പം രണ്ടാഴ്ചത്തെ ട്രെയിനിങ്ങും നൽകി. തൃശ്ശൂരിലെ ഒല്ലൂരിൽ നിന്ന് ആഭരണങ്ങളുടെ ബ്ലാക്ക് മെറ്റൽ വാങ്ങി. ഒടുവിൽ 2008 ഫെബ്രുവരി 9-ന് ചെറുവണ്ണൂർ മധുരബസാറിൽ നിർമാല്യം ​ഗോൾഡ് എന്ന സ്ഥാപനം തുറന്നു. പ്രോജക്ട് സമർപ്പിച്ചപ്പോൾ ​ഗ്രാമിന് 600 രൂപയായിരുന്നു സ്വർണവില. പക്ഷേ, പദ്ധതി യാഥാർഥ്യമായപ്പോഴേക്കും സ്വർണവില കൂടി. ക്വാളിറ്റി ഉറപ്പാക്കാൻ വിലകൂടിയ ഒരു പുതിയ മെഷീനും കൂടി വേണ്ടിവന്നു. അങ്ങനെ സംരംഭം മുന്നോട്ടുപോകാൻ കൂടുതൽ പണം വേണമെന്നായി. ഇതിനായി ജില്ലാ കുടുംബശ്രീ മിഷനെ സമീപിച്ചപ്പോൾ ഇന്നൊവേറ്റീവ് പ്രൊജക്ട് എന്ന പരി​ഗണന നൽകി മൂന്ന് ലക്ഷം രൂപ ജില്ലാ മിഷൻ ഇന്നൊവേറ്റീവ് ഫണ്ടിൽ നിന്ന് അനുവ​ദിച്ചു. ഒരു ലക്ഷം രൂപകൂടി ബാങ്ക് ലോൺ എടുത്തു. അങ്ങനെ 5 ലക്ഷം രൂപ മുതൽ മുടക്കിൽ ആസൂത്രണം ചെയ്ത പദ്ധതി യാഥാർത്യമായപ്പോഴേക്കും 9.45ലക്ഷം രൂപ ചെലവായി

എത്രയും പെട്ടന്ന് ലോണടച്ച് തീർക്കണം എന്നതായിരുന്നു എട്ടുപേരുടേയും തീരുമാനം. അതിന് വേണ്ടി രാപ്പകലില്ലാതെ പണിയെടുത്ത്

ആഭരണങ്ങൾ ഉണ്ടാക്കി. മാർക്കറ്റ് കണ്ടെത്തലായിരുന്നു അടുത്ത വെല്ലുവിളി. പരസ്യം ചെയ്യാനോ ആളെവെച്ച് കച്ചവടം ചെയ്യാനോ പണം ഉണ്ടായിരുന്നില്ല. അങ്ങനെ ആഭരണം ഉണ്ടാക്കുന്ന കടമുറിയുടെ സൈഡിൽ ഒരു മേശയും കസേരയുമിട്ട് ആദ്യത്തെ വിൽപന കൗണ്ടർ തുറന്നു. തുടക്കത്തിൽ കടയിലേക്ക് ആളെത്താതിരുന്നതിനാൽ മഴയും വെയിലും നോക്കാതെ വീടുകളും ഷോപ്പുകളും എല്ലാം കയറിയിറങ്ങി ആഭരണങ്ങൾ കൊണ്ടുനടന്ന് വിറ്റു. അങ്ങനെ നിർമ്മാല്യം ​ഗോൾഡിനും ആവശ്യക്കാരുണ്ടായി. കടയിലേക്ക് ആളെത്തിയതോടെ പതിയെ കടമുറി വിപുലീകരിച്ചു. മൂന്ന് വർഷം കൊണ്ട് ലോണടക്കമുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീർത്ത് നല്ല വരുമാനം കിട്ടുന്ന രീതിയിലേക്ക് കച്ചവടം വളർന്നു.

ആഭരണങ്ങൾ കൊണ്ടുനടന്ന് വിറ്റാൽ കടയിൽ വിൽക്കുന്നതിനേക്കാൾ കൂടുതൽ കച്ചവടം ലഭിക്കും എന്നതാണ് ഇവർ പറയുന്നത്. അതിനാൽ മാസത്തിൽ നാല് ദിവസം ആഭരണങ്ങൾ ഉണ്ടാക്കും.ബാക്കി ദിവസങ്ങൾ ആഭരണങ്ങൾ കൊണ്ടുനടന്ന് വിൽക്കും. തുടക്കത്തിൽ കൂടെയുണ്ടായിരുന്ന എട്ട് പേരിൽ നാല് പേർ പിന്നീട് പലകാരണങ്ങളാൽ ഈ സംരഭത്തിൽനിന്ന് വിട്ടുപോയി.നിർമല, സുലോചന, പ്രീതി, രഞ്ജിനി എന്നീ നാല് പേരുടെ അധ്വാനത്തിലാണ് പിന്നീട് കുറേക്കാലം ഉത്പാദനവും വിപണനവും നടത്തിയത്.

ഉണ്ടാക്കുന്ന ​ആഭരണങ്ങളുടെ ​ഗുണമേൻമയാണ് ഈ ഘട്ടത്തിൽ സഹായകരമായതെന്ന് ഇവർ പറയുന്നു. നിർമാല്യം ​ഗോൾഡ് വാങ്ങുന്നവർ തന്നെ പ്രചാരം നൽകിത്തുടങ്ങിയതോടെ ജില്ലയിലെ വിവിധ കുടുംബശ്രീകളിലെ അം​ഗങ്ങൾ ആഭരണങ്ങൾ വിൽക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഇന്ന് കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര, കക്കോടി, പെരുവയൽ, പെരുമണ്ണ, മാവൂർ, വടകര, പയ്യോളി എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലും പത്തനംതിട്ട ജില്ലയിലും കുടുംബശ്രീ അം​ഗങ്ങൾ നിർമാല്യം ​ഗോൾ​‍ഡിന്റെ ആഭരണങ്ങൾ വിൽക്കുന്നുണ്ട്. ​ഗ്യാരണ്ടി ഉള്ളതും ഇല്ലാത്തതുമായ ആഭരണങ്ങൾ നിർമാല്യത്തിനുണ്ട്. വിറ്റുപോവുന്നതിന്റെ ഇരുപത് ശതമാനം വിൽക്കുന്ന സ്ത്രീകൾക്ക് നൽകും. ആരും പിന്തുണയ്ക്കാനില്ലാത്ത കാലത്ത് എടുത്ത ഉറച്ച തീരുമാനം തങ്ങൾക്ക് മാത്രമല്ല മറ്റു കുറച്ചുപേർക്ക് കൂടി ജീവിതമാർ​ഗം ആയതിന്റെ സന്തോഷമുണ്ട് നിർമലയ്ക്കും സുലോചനയ്ക്കും പ്രീതിയ്ക്കും രഞ്ജിനിയ്ക്കും. ആഭരണങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇവരിപ്പോൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *