ഹൈലൈറ്റുകൾ
- പ്രധാന വിവരങ്ങൾ
- ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഗോവയിലെ സിഎസ്ഐആർ-എൻഐഒ സന്ദർശിച്ചു.
- സമുദ്രശാസ്ത്രം മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കാൻ നിർണായകമാണെന്ന് പറഞ്ഞു.
- ശാസ്ത്രജ്ഞർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- കാലാവസ്ഥാ വ്യതിയാനവും സമുദ്രമലിനീകരണവും വലിയ വെല്ലുവിളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
- യുവ ഗവേഷകർ ധീരമായി സ്വപ്നം കാണുകയും നവീകരണങ്ങൾക്ക് നേതൃത്വം നൽകുകയും വേണമെന്ന് ആഹ്വാനം ചെയ്തു
പനാജി (ഗോവ), മെയ് 31
. സമുദ്രശാസ്ത്രം ഇനി ശാസ്ത്രീയ പഠനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കാൻ അത്യന്താപേക്ഷിതമായ മേഖലയായി മാറിയിരിക്കുകയാണെന്നും ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ .ഗോവയിലെ പനാജിയിലുള്ള സിഎസ്ഐആർ–ദേശീയ സമുദ്രശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് (CSIR-NIO) സന്ദർശിച്ച് ശാസ്ത്രജ്ഞരെയും, ഗവേഷകരെയും, വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി
സമുദ്രം വെറും പ്രകൃതി വിഭവമല്ല
ഇന്ത്യയ്ക്ക് ഏകദേശം 11,000 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുണ്ടെന്നും സമുദ്രം വെറും പ്രകൃതി വിഭവമല്ല, സംരക്ഷിക്കേണ്ട ജീവസമ്പന്നമായ ആവാസവ്യവസ്ഥയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ കടലുകൾ രാജ്യത്തെ ലോകത്തിൽ നിന്ന് വേർതിരിക്കുന്ന അതിർത്തികളല്ല, മറിച്ച് ആഗോള വ്യാപാരത്തെയും ഊർജസുരക്ഷയെയും സാമ്പത്തിക വളർച്ചയെയും തന്ത്രപ്രധാന ശക്തിയെയും ബന്ധിപ്പിക്കുന്ന പാലങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടെ സംസ്കാരത്തെയും വ്യാപാരത്തെയും സ്വാധീനിച്ചിട്ടുണ്ട്
ഇന്ത്യയുടെ സമുദ്ര പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടെ സംസ്കാരത്തെയും വ്യാപാരത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നും പുരാതന ഇന്ത്യൻ വ്യാപാരികളും നാവികരും ലോകവുമായി സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ സ്ഥാപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമുദ്ര പര്യവേക്ഷണം കൂടുതൽ സ്വയംപര്യാപ്തവും ഭാവിക്ക് സജ്ജവും
സിഎസ്ഐആർ-എൻഐഒയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, ആറു പതിറ്റാണ്ടോളമായി ഈ സ്ഥാപനം രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നായി തുടരുകയാണെന്ന് പറഞ്ഞു. ഗവേഷണവും നവീകരണവും സമുദ്ര പര്യവേക്ഷണവും വഴി ഇന്ത്യയെ കൂടുതൽ സ്വയംപര്യാപ്തവും ഭാവിക്ക് സജ്ജവുമാക്കുന്നതിൽ സ്ഥാപനം വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലിനീകരണം തീരദേശ സമൂഹങ്ങളെ കൂടുതൽ അപകടത്തിലാക്കുന്നു
കാലാവസ്ഥാ വ്യതിയാനം, സമുദ്രനിരപ്പ് ഉയരൽ, സമുദ്രമലിനീകരണം, ജൈവവൈവിധ്യ നഷ്ടം, മൈക്രോപ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ വെല്ലുവിളികൾ തീരദേശ സമൂഹങ്ങളെ കൂടുതൽ അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനം പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാകരുതെന്നും ശാസ്ത്രീയ പുരോഗതി കരുണയും ഉത്തരവാദിത്വവും സുസ്ഥിരതയും അടിസ്ഥാനമാക്കിയാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യ മനുഷ്യസേവനത്തിനാണ് മുൻഗണന നൽകിയത്
ഡീപ് ഓഷ്യൻ മിഷൻ, ബ്ലൂ ഇക്കോണമി, ഗ്രീൻ ഹൈഡ്രജൻ മിഷൻ, പുനരുപയോഗ ഊർജ പദ്ധതികൾ എന്നിവ ഇന്ത്യ ഭാവിയെ ലക്ഷ്യമിട്ട് ധീരമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് പല രാജ്യങ്ങളും പേറ്റന്റുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ ഇന്ത്യ മനുഷ്യസേവനത്തിനാണ് മുൻഗണന നൽകിയതെന്നും അതിലൂടെ “വസുധൈവ കുടുംബകം” എന്ന ആശയം പ്രാവർത്തികമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഭയമില്ലാതെ സ്വപ്നം കാണുക
യുവ ഗവേഷകരോട് ഭയമില്ലാതെ സ്വപ്നം കാണാനും അക്ഷീണം പരിശ്രമിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. കാലാവസ്ഥാ പരിഹാരങ്ങൾ, സമുദ്ര ജൈവസാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, സമുദ്ര സംരക്ഷണം തുടങ്ങിയ മേഖലകളിലെ അടുത്ത വലിയ കണ്ടെത്തലുകൾ ഈ യുവ ഗവേഷകരിൽ നിന്നാകാമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
സന്ദർശനത്തിനിടെ വിവിധ ലബോറട്ടറികളും ഗവേഷണ-സാങ്കേതിക പ്രദർശനങ്ങളും ഉപരാഷ്ട്രപതി സന്ദർശിച്ചു. എ ഡയമണ്ട് ലെഗസിഓഫ് ഓഷ്യനോഗ്രാഫിക്ക് എക്സലൻസ് (“A Diamond Legacy of Oceanographic Excellence” ) എന്ന കോഫി ടേബിൾ പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. ചടങ്ങിൽ ഗോവ ഗവർണർ പുസപതി അശോക് ഗജപതി രാജുവും സിഎസ്ഐആർ-എൻഐഒ ഡയറക്ടർ പ്രൊഫ. സുനിൽ കുമാർ സിങ്ങും മറ്റ് പ്രമുഖരും പങ്കെടുത്തു.

