റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: ഭരണകക്ഷിയിലെ രണ്ടംഗങ്ങള്‍ കൂടി മറുകണ്ടം ചാടിയതോടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതല്‍ പ്രതിരോധത്തില്‍. പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിലേക്കു നീങ്ങുന്ന ഘട്ടത്തിലാണു കൂടുതല്‍ തിരിച്ചടികള്‍. ഇമ്രാന്റെ അടുപ്പക്കാരനും പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ലമെന്ററി സെക്രട്ടറി അസീം നസീര്‍ ആണ് ചൊവ്വാഴ്ച രാജിവച്ചവരില്‍ ഒരാള്‍. നസീര്‍ പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയില്‍ ചേര്‍ന്നെന്നു വാര്‍ത്തകളുണ്ട്. അതേസമയം, ബലൂചിസ്താനില്‍നിന്നുള്ള സ്വതന്ത്ര അംഗം അസ്ലം ഭൂട്ടാനിയും മുന്നണിയോടു വിടപറഞ്ഞു. പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യാനാണ് ഭൂട്ടാനിയുടെ തീരുമാനം. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) കോ- ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മലക്കംമറിച്ചില്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച ഫെഡറല്‍ മന്ത്രി താരിഖ് ബഷീര്‍ ചീമയും പ്രതിപക്ഷത്തേക്കു മറിഞ്ഞിരുന്നു. പി.ടി.ഐക്കൊപ്പം മുന്നണിയില്‍ സജീവമായിരുന്ന ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയും പ്രതിപക്ഷത്തേക്കെന്നു പ്രഖ്യാപിച്ചു.

അഞ്ച് അംഗങ്ങളാണ് അവാമി പാര്‍ട്ടിക്കുള്ളത്. ഇതോടെ പ്രതിപക്ഷത്തെ അംഗബലം 170-ല്‍ എത്തി. 342 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 172 പേരുടെ പിന്തുണ വേണം. പി.ടി.ഐയ്ക്ക് ഒറ്റയ്ക്ക് 155 സീറ്റുകളാണുള്ളത്. ഈ മാസം 31 നാണ് അവിശ്വാസ പ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ്. അതിനിടെ, ഇമ്രാനെതിരേ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന മാര്‍ച്ച് തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. പി.എം.എല്‍.എന്‍. െവെസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്, പഞ്ചാബ് നിയമസഭാ പ്രതിപക്ഷ നേതാവ് ഹംസ ഷെഹബാസ് എന്നിവര്‍ നയിക്കുന്ന പടുകൂറ്റന്‍ റാലിയാണ് കഴിഞ്ഞ ദിവസം രാത്രി വൈകി ഇസ്ലാമാബാദിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *