തൃശ്ശൂർ : 2022 ഏപ്രിൽ 21ന് കൂടൽമാണിക്യ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടക്കാനിരുന്ന നൃത്തോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാകാരി മൻസിയയെ വിലക്കിയ സംഭവത്തെ തുടർന്ന് ക്ഷേത്രഭരണസമിതിയിലെ തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാട് ഭരണസമിതിക്ക് രാജിക്കത്തു നൽകി.
കൂടൽമാണിക്യ ക്ഷേത്രത്തിൽ നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് പരിപാടിയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത് എന്നാണ് ദേവസ്വം ചെയർമാൻ പറഞ്ഞത്. കലാപരിപാടികളിൽ പങ്കെടുക്കുവാനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാർ എന്ന് വ്യക്തമാക്കിയിരുന്നു എന്നാണ് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞത്. വിവാഹത്തിനുശേഷം മതം മാറിയിട്ടുണ്ടോ ഇല്ലെങ്കിൽ അഹിന്ദുക്കൾക്ക് ക്ഷേത്രമതിൽക്കകത്ത് പ്രവേശിക്കുവാൻ സാധിക്കുകയില്ല. ആയതിനാൽ നൃത്ത പരിപാടിയിൽ നിന്ന് പേര് നീക്കം ചെയ്തു എന്ന് മൻസിയയെ വിളിച്ച് അറിയിക്കുകയാണ് ഭരണാധികാരികൾ ചെയ്തത്.
ക്രിസ്ത്യൻ സമുദായ അംഗം ആയതിനാൽ തന്നെയും ഒഴിവാക്കി എന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി സൗമ്യ സുകുമാരനും രംഗത്തെത്തിയിട്ടുണ്ട്.
ഹൈന്ദവക്ഷേത്രങ്ങളിൽ കലാകാരന്മാരെ അവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പ്രോത്സാഹിപ്പിച്ചു വരുന്നുവെന്നും നൃത്തത്തിൽ എം എ യും എം ഫിലും എടുത്ത് പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന നൃത്തം ജീവവായുവായി കാണുന്ന വി പി മൻസിയയെ ഒഴിവാക്കിയതിനെ എതിർത്തുകൊണ്ട് ഹിന്ദു ഐക്യവേദി, വാര്യർ മഹാസഭ തുടങ്ങിയ സംഘടനകൾ മുന്നോട്ടുവന്നിരുന്നു.
ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താൽ മുസ്ലിം പള്ളി കമ്മിറ്റിയിൽ നിന്നും മത നേതാക്കളിൽ നിന്നും ഊരുവിലക്ക് നേരിട്ട് നർത്തകിയാണ് മൻസിയ. അതിനുശേഷം കാൻസർ ബാധിച്ച് മരണമടഞ്ഞ മൻസിയയുടെ അമ്മയുടെ മൃതദേഹം മുസ്ലീം വിധി പ്രകാരം ഖബറക്കാൻ മഹൽകമ്മിറ്റി അനുവദിച്ചില്ല. അതിനുശേഷം മതമുപേക്ഷിച്ച് നൃത്തം ജീവിതോപാസനയാക്കിയ നർത്തകിയാണ് മൻസിയ.

