ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി മികച്ചതാവുമ്പോഴാണ് സര്‍ക്കാര്‍ സേവനം സ്മാര്‍ട്ടാവുന്നത്: മന്ത്രി കെ.രാജന്‍

ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി മികച്ചതാവുമ്പോഴാണ് സര്‍ക്കാര്‍ സേവനം സ്മാര്‍ട്ടാവുന്നതെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കൊല്ലമുള സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സംബന്ധിച്ച ഇടപാടുകള്‍ സംയോജിത കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനത്തിലൂടെ കാര്യക്ഷമമാക്കുവാന്‍ വേണ്ട ക്രമീകരണത്തിന് ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ചതാണ് പുതിയ സ്മാര്‍ട്ട് ഓഫീസ്. പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുമ്പോഴാണ് വില്ലേജ് ഓഫീസ് യഥാര്‍ഥമായി സ്മാര്‍ട്ട് ആവുക. പുതിയ കെട്ടിടം നിര്‍മിച്ചതുകൊണ്ട് മാത്രം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യായമാണ് ഓരോ വില്ലേജ് ഓഫീസും സ്മാര്‍ട്ടാവുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കൂട്ടായ പ്രവര്‍ത്തനവും അതിന് ആവശ്യമാണ്. ജില്ലയിലെ ഡിജിറ്റല്‍ റീസര്‍വേ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നും 10 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള റീസര്‍വേ നടന്നുവരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്നുള്ള ആക്ഷേപം സര്‍ക്കാര്‍ പരിഹരിച്ചു വരികയാണെന്നും നാലുവര്‍ഷം കൊണ്ട് സംസ്ഥാനമൊട്ടാകെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളമാണ് റവന്യുവകുപ്പ് ലക്ഷ്യംവയ്ക്കുന്നത്. എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന വലിയ കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പട്ടയവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ വേണ്ട സഹായം നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു.

ജീവനക്കാര്‍ അടക്കം സ്മാര്‍ട്ടാവുമ്പോഴാണ് റവന്യൂ വകുപ്പ് വിജയമാകുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. യോഗത്തില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ്, റാന്നി മുന്‍ എംഎല്‍എ രാജു ഏബ്രഹാം, എഡിഎം അലക്‌സ്. പി. തോമസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റ്റി.ജി. ഗോപകുമാര്‍,  റാന്നി തഹസില്‍ദാര്‍ കെ. നവീന്‍ ബാബു, കേരള കോണ്‍ഗ്രസ് ജെ പ്രതിനിധി വിക്ടര്‍ റ്റി തോമസ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം