സംസ്ഥാനത്ത് പിഎസ്‌സി നിയമനങ്ങൾ ഇഴയുന്നു: 2022ൽ പോലും റാങ്ക് പട്ടിക വരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ്, എക്‌സൈസ്, അഗ്‌നിശമന സേനകളിലേക്കുള്ള പിഎസ്‌സി നിയമനങ്ങൾ ഇഴയുന്നു. കഴിഞ്ഞ ഒരുവർഷമായി പുതിയ റാങ്ക് ലിസ്റ്റ് തയ്യാക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. സബ് ഇൻസ്‌പെക്ടർ, സിവിൽ പോലീസ് ഓഫീസർ, സിവിൽ എക്‌സൈസ് ഓഫീസർ, ഫയർമാൻ, എക്‌സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ജയിലർ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് ഒരുവർഷത്തിലധികമായി നിലച്ചിരിക്കുന്നത്. ഇവയുടെ എല്ലാം റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചിട്ടും പുതിയ പട്ടിക തയ്യാറാക്കാൻ പിഎസ്‌സിക്ക് സാധിച്ചിട്ടില്ല.

പുതിയ പരീക്ഷാ പരിഷ്‌കരണത്തെ തുടർന്ന് ഒരേ യോഗ്യതയുള്ള തസ്തികകളിലേക്ക് യോഗ്യതാ പരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയിലുൾപ്പെടുത്തിയാണ് മേൽപ്പറഞ്ഞ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും നടന്നത്. എന്നാൽ പ്രാഥമിക പരീക്ഷാ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇനി ഇവയിൽ മെയിൻ പരീക്ഷ, അതിന് ശേഷം കായിക ക്ഷമത പരിശോധന, സർട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങിയവയെല്ലാം നടക്കാനുണ്ട്. അതിന് ശേഷം മാത്രമെ പുതിയ റാങ്ക് പട്ടിക തയ്യാറാകു.

ഇങ്ങനെയാണെങ്കിൽ 2022 പോലും റാങ്ക് പട്ടിക വരുമെന്ന പ്രതീക്ഷ പ്രതീക്ഷ ഉദ്യോഗാർഥികൾക്കില്ല. പോലീസിലേക്ക് പി.എസ്.സി വഴി നിയമനം നടന്നിട്ട് ഒരുവർഷമായി. സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒന്നരവർഷം മുമ്പ് അവസാനിച്ചിരുന്നു. ഇതിനും പുറമെ ഫയർമാൻ ഗ്രേഡ്2 തസ്തികയിലും നിയമനം നടന്നിട്ട് രണ്ടുവർഷത്തോളമാകുന്നു. അസിസ്റ്റന്റ് ജയിലർ, എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കും റാങ്ക് ലിസ്റ്റുകൾ നിലവിലില്ല.

എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് 2020 ൽ തന്നെ അവസാനിച്ചിരുന്നു. ഇങ്ങനെ വിവിധ സേനകളിലേക്കുള്ള നിയമനം വൈകുകയും എന്നാൽ അതിനായി റാങ്ക് പട്ടിക തയ്യാറാക്കാനുള്ള നടപടികൾ പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കുകയും ചെയ്യുന്നതോടെ അസ്തമിക്കുന്നത് നിരവധി ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളാണ്.അതേസമയം കോവിഡ് വ്യാപനവും ലോക്ക്ഡൗണുമൊക്കെയാണ് പരീക്ഷ നടത്തുന്നതിനും മറ്റും കാലതാമസം ഉണ്ടാകാൻ കാരണമായി പി.എസ്.സി പറയുന്നത്. കാലതാമസമുണ്ടാകുമ്പോൾ സാധാരണ പഴയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാറാണ് പതിവ്. എന്നാൽ ആ രീതി ഇപ്പോൾ ഉണ്ടാകുന്നില്ല.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ നിയമനങ്ങളോട് സർക്കാരിനും അത്ര താത്പര്യമില്ലാത്തതിനാൽ റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്ന കാര്യവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാൽ ഇനി നടക്കാനുള്ള പരീക്ഷകളെങ്കിലും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ അക്കാര്യത്തിലുണ്ടാകുന്ന കാലതാമസമാണ് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നത്.

കോവിഡ് പ്രതിസന്ധിയും കാലവർഷക്കെടുതിയും പി.എസ്.സിയുടെ പരീക്ഷ നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കുറഞ്ഞതിന് പിന്നാലെ യുദ്ധകാലാടിസ്ഥാനത്തിൽ പരീക്ഷകൾ നടത്താൻ പി.എസ്.സി ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം കാലവർഷക്കെടുതികൾ കൂടി ആയതോടെ പരീക്ഷകൾ നടത്തുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട്. അതിനൊപ്പം വിദ്യാലയങ്ങളിൽ ക്ലാസുകൾ ആരംഭിച്ചതും പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമാകുന്നതിൽ പ്രതിസന്ധിയുണ്ടാക്കി. ഇത് മറികടക്കാൻ ഞായറാഴ്ചകളിലടക്കം പരീക്ഷകൾ നടത്തിയാണ് മുന്നോട്ടുപോകുന്നത്. അടുത്ത ഫെബ്രുവരിയോടെ ഈ സേനകളിലേക്കുള്ള മെയിൻ പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ ഫലം ഒന്ന് രണ്ടാഴ്ചകൾക്കുള്ളിൽ പ്രസിദ്ധീകരിക്കും. അതിന് ശേഷം കായിക ക്ഷമത പരീക്ഷ അടക്കം നടക്കണം. വരുന്ന വർഷം പകുതിയോടെ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകുമെന്നാണ് പി.എസ്.സി പ്രതീക്ഷിക്കുന്നത്.

Share
അഭിപ്രായം എഴുതാം