സമ്പദ്ഘടന ഉണരുന്നു: ഏപ്രില്‍- ജൂണ്‍ മാസത്തില്‍ ജി.ഡി.പി. വളര്‍ച്ചാ നിരക്ക് 20.1%

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് പതിയെ ഉണര്‍ന്ന് ഇന്ത്യന്‍ സമ്പദ്ഘടന. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസപാദം (ഏപ്രില്‍- ജൂണ്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 20.1 ശതമാനം വളര്‍ച്ചാ നിരക്ക് കുറിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു.ഉത്പാദന മേഖലയിലും വന്‍മുന്നേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ജൂണില്‍ 36 ശതമാനം ഇടിഞ്ഞ ഉത്പാദന മേഖല നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം 49.6 ശതമാനം വളര്‍ച്ച കുറിച്ച് ശക്തമായി തിരിച്ചെത്തി.വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, കമ്മ്യൂണിക്കേഷന്‍, സംപ്രേക്ഷണ സേവനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല 34.3 ശതമാനം വളര്‍ച്ച കണ്ടെത്തിയാണ് ജൂണ്‍ പിന്നിട്ടത്. അതേസമയം ഹോട്ടല്‍- ടൂറിസം രംഗം ഇനിയും കോവിഡ് ഭീതിയില്‍ നിന്നും പൂര്‍ണമായി മുക്തമായിട്ടില്ല.കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തില്‍ വളര്‍ച്ച കുറിച്ച ഏക മേഖല കാര്‍ഷിക രംഗമാണ്. ഇത്തവണയും കാര്‍ഷിക മേഖല 4.5 ശതമാനം മുന്നേറി.പ്രതീക്ഷിച്ചതിലും മികച്ച ജി.ഡി.പി. നിരക്ക് കരസ്ഥമാക്കാന്‍ സാധിച്ചത് ശുഭാപ്തിവിശ്വാസം പകരുന്ന കാര്യമാണെന്ന് സി.ആര്‍.സി.എല്‍. എല്‍.എല്‍.പി. സി.ഇ.ഓയും മാനേജിങ് പാര്‍ട്ണറുമായ ഡി.ആര്‍.ഇ. റെഡ്ഡി പ്രതികരിച്ചു

മുന്‍ പാദത്തില്‍ (ജനുവരി- മാര്‍ച്ച്) 1.6 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു രാജ്യത്തുണ്ടായത്. ചരിത്രത്തിലെ ഏറ്റവും മികവേറിയ ത്രൈമാസ വളര്‍ച്ചയും ജൂണ്‍ പാദത്തിലേതുതന്നെയാണ്.2020-21 കാലഘട്ടത്തില്‍ 24.4 ശതമാനം നെഗറ്റീവ് വളര്‍ച്ചയോടെയാണ് ഇന്ത്യ ആദ്യ ത്രൈമാസപാദം പിന്നിട്ടത്. കോവിഡ് വ്യാപനം തടയാന്‍ രാജ്യം ലോക്ക്ഡൗണ്‍ നടപടികളിലേക്ക് നീങ്ങിയതും അന്നത്തെ വന്‍വീഴ്ചയ്ക്ക് കരണമായിരുന്നു. ജൂണ്‍ പാദത്തില്‍ സമ്പദ്ഘടന 20 ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്ന് മുന്‍നിര സാമ്പത്തിക പോളുകളെല്ലാം പ്രവചിച്ചിരുന്നു. മാത്രമല്ല. റിസര്‍വ് ബാങ്കും 21.4 ശതമാനം വളര്‍ച്ചാ നിരക്കാണ് കണക്കുകൂട്ടിയത്. എന്നാല്‍ കരുതിയതിലും മികച്ച ചിത്രമാണ് ഏപ്രില്‍ – ജൂണ്‍ കാലത്ത് ഇന്ത്യ കുറിച്ചതെന്ന് മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യനും സ്റ്റാന്‍ഡിങ് കമ്മിറ്റി തലവനുമായ പ്രോബഭ് സെന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം