കൊവിഡ്: സ്വീഡിഷ് റസ്റ്റോറന്റില്‍ വവ്വാലിന്റെ ചെവിയുള്ള ചൈനീസ് പ്രസിഡന്റിന്റെ ചിത്രം: വംശീയ അധിക്ഷേപമെന്ന് ബ്ലോഗര്‍

സ്റ്റോക്ക്ഹോം: കൊവിഡിന്റെ ഉത്ഭവം ചൈനയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിദേശ രാജ്യങ്ങളിലെത്തുന്ന ഏഷ്യക്കാര്‍ വംശീയ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്വീഡിഷ് തലസ്ഥാനത്ത് ഭക്ഷണം കഴിക്കാനെത്തിയ ബ്ലോഗര്‍ തനിക്കുണ്ടായ അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടതോടെ സംഭവം വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. വവ്വാലിന്റെ ചെവികളോടെ മഞ്ഞനിറത്തിലുള്ള ബാക്ക് ഗ്രൗണ്ടില്‍ ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങിന്റെ ചിത്രം സ്വീഡിഷ് തലസ്ഥാനത്തെ റസ്റ്റോറന്റിലുള്ളതിന്റെ ദൃശ്യമാണ് ബ്ലോഗറായ ബ്രയാല്‍ബോയ് എന്ന ബ്ലോഗര്‍ പങ്കിട്ടത്. കൊവിഡ് വൈറസുകള്‍ കാണപ്പെടുന്നത് വവ്വാലുകളിലാണെന്ന ഗവേഷകരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിഹാസപൂര്‍ണമായ ചിത്രം വരച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാറ്റ് മാന്‍ എന്ന വിശേഷണത്തോടെയാണ് ചിത്രം ബ്ലോഗര്‍ പങ്ക് വച്ചതും.

കോവിഡ് സംഭവിച്ചതുമുതല്‍, എനിക്കും എനിക്കറിയാവുന്ന ധാരാളം ഏഷ്യക്കാര്‍ക്കും ഇന്റര്‍നെറ്റില്‍ അടക്കം വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത് കണ്‍മുന്നില്‍ കാണുന്നതാണ് ഇന്നുണ്ടായത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നെങ്കിലും റസ്റ്റോറന്റില്‍ നിന്ന് പെട്ടന്ന് തന്നെ പുറത്തിറങ്ങിയെന്നും ഫിലിപ്പിനോക്കാരനായ ബ്ലോഗര്‍ ബിബിസിയോട് പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം