പബ്ജി പോയാലെന്ത്? പകരക്കാരനായി ഫൗ-ജിയുണ്ട്: ഇന്ത്യക്കാര്‍ക്കായി പുതിയ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ച് അക്ഷയ് കുമാര്‍

മുംബൈ: 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചപ്പോള്‍ ഏറ്റവും വിഷമിച്ചത് പബ്ജി ഗെയിം ആരാധകരായിരുന്നു. എന്നാല്‍ നിരോധനം വന്ന് ദിവസങ്ങള്‍ക്കകം തന്നെ പുതിയ ഗെയിം ആരാധകര്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

ഫൗ-ജി എന്നാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്ന ഗെയിമിന്റെ പേര്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഫൗ-ജി. പബ്ജി പോലെതന്നെ വാര്‍ ഗെയിമായിട്ടാണ് ഇത് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ ധീരമായ ത്യാഗങ്ങളാണ് ഈ ഗെയിമിലൂടെ പറയുന്നതെന്നാണ് പ്രാഥമിക വിവരം.

പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ പദ്ധതിയ്ക്കുള്ള പിന്തുണയാണ് ഇതെന്നും വിനോദം എന്നതിനപ്പുറത്ത് മറ്റുചില കാര്യങ്ങളും പുതിയ ഗെയിമുമായി ബന്ധപ്പെട്ട് അറിയേണ്ടതുണ്ടെന്നും അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം അക്ഷയ് കുമാറിന്റെ പുതിയ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. വിനോദത്തിനപ്പുറം നമ്മുടെ പട്ടാളക്കാരുടെ ത്യാഗങ്ങളെക്കുറിച്ച് അറിയാനാവും ഈ ഗെയിമിലൂടെ. നേടുന്ന വരുമാനത്തിന്റെ 20 ശതമാനം ഭാരത് ക വീര്‍ ട്രസ്റ്റിന് സംഭാവന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ എത്തിയേക്കും.

Share
അഭിപ്രായം എഴുതാം