കാസര്‍കോട്: ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷിനെ (26) ആണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടലിലാണ് ഇയാള്‍ അഴിഞ്ഞാട്ടം നടത്തിയത്. വിവരമറിഞ്ഞെത്തിയ സിഐക്കെതിരേ ഇയാള്‍ അക്രമത്തിനു മുതിര്‍ന്നതോടെ മല്‍പിടിത്തത്തിലൂടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പുലര്‍ച്ചെ ഇയാള്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ഹോട്ടലിലെത്തി റിസപ്ഷനില്‍ റൂം ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമേ റൂം നല്‍കാനാവൂ എന്ന് ലോഡ്ജ് അധികൃതര്‍ പറഞ്ഞു. ഇതോടെ റൂം ലഭിച്ചേതീരൂ എന്നുപറഞ്ഞ് മഹേഷ് അക്രമാസക്തനായി. തുടര്‍ന്ന് ലോഡ്ജിലെ ഫര്‍ണിച്ചറുകളും മറ്റും അടിച്ചുനശിപ്പിച്ചു. റിസപ്ഷനില്‍ കയറി ബലമായി ഒരു മുറിയുടെ താക്കോല്‍ എടുക്കുകയും റൂമില്‍കയറി കട്ടിലും കിടക്കയും മറ്റ് ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തു. ജനലിന്റെ ഗ്ലാസുകളും എറിഞ്ഞുടച്ചു.
ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതോടെ എത്തിയ പൊലീസിനു നേരെയും ഇയാള്‍ അക്രമം കാട്ടി. കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീമിനെ ഇയാള്‍ കൈയേറ്റം ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് മഹേഷ്. നിരവധി തവണ കാപ്പയും ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.