കണ്ണൂർ: വാഹനങ്ങളിൽ ഘടിപ്പിക്കുന്ന അതിസുരക്ഷാ നമ്പർപ്ലേറ്റുകളിലും വ്യാജൻമാർ . മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ സംവിധാനത്തിലാണ് കൃത്രിമ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നത്. നിയമ വിരുദ്ധ പ്രവൃത്തികൾക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനും എളുപ്പത്തിൽ വാഹനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതിനുമായി നടപ്പിലാക്കിയ അതിസുരക്ഷാ നമ്പർപ്ലേറ്റു സംവിധാനത്തിലും കൃത്രിമം വർധിക്കുകയാണ്.
സുരക്ഷാ നമ്പർപ്ലേറ്റുകൾ മാറ്റി സാധാരണരീതിയിലുള്ളത് ഘടിപ്പിക്കുന്നതായാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്. ചിലർ നമ്പറിന്റെ പ്രത്യേകതയ്ക്കനുസരിച്ച് ആകർഷമായ രീതിയിൽ നമ്പറുകൾ എഴുതാറുണ്ട്. ഫാൻസി നമ്പർ തെരഞ്ഞെടുക്കുന്നവർ നമ്പർ പ്ലേറ്റുകളിൽ വ്യത്യസ്തത പരീക്ഷിക്കാറുണ്ട്. ഇതെല്ലാം വ്യാജ നമ്പർ പ്ലേറ്റുകൾ പെട്ടന്ന് ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണമാകുന്നു. രക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമായിരുന്നു. വാഹന ഡീലർമാർ തന്നെ സൗജന്യമായി അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നൽകുന്നതാണ് പതിവെങ്കിലും അത് ഇളക്കി മാറ്റിയും മാറ്റം വരുത്തിയുമാണ് വ്യാജ ബോർഡുകൾ ഉപയോഗിക്കുന്നത്. ഇത്തരം പ്രവണതകൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
2019 ഏപ്രിൽ ഒന്നിനു മുമ്പെ രജിസ്റ്റർ ചെയ്തവർക്ക് ബാധകമല്ലെങ്കിലും അവരും അതിസുരക്ഷാ നമ്പർപ്ലേറ്റിലേക്ക് മാറേണ്ടിവരും. ഇവർക്ക് ഇപ്പോൾത്തന്നെ മാറുവാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചു. 2019 മാര്ച്ച് 31ന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ബാധകമാണ്


