വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മുന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം തുള്‍സി ഗബ്ബാര്‍ഡ് രാജിവെച്ചു. ഇറാന് വിഷയത്തില്‍ വൈറ്റ് ഹൗസുമായി നിലനിന്നിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിന്ദു അമേരിക്കന്‍ വനിത
വിദേശ സൈനിക ഇടപെടലുകളുടെ കടുത്ത വിമര്‍ശകയായ തുള്‍സി ഗബ്ബാര്‍ഡ്, സെനറ്റിന്റെ അംഗീകാരത്തോടെ 2025 ഫെബ്രുവരിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ പരമോന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിന്ദു അമേരിക്കന്‍ വനിതയും ആദ്യത്തെ വനിതാ സൈനിക കോംബാറ്റ് വെറ്ററനും (യുദ്ധമുഖത്ത് പങ്കെടുത്ത വ്യക്തി) കൂടിയാണ് അവര്‍. ട്രംപിന്റെ ദേശീയ സുരക്ഷാ ടീമിലെ ഏറ്റവും നിര്‍ണായകമായ ഒരു മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ രാജിയെ വിലയിരുത്തുന്നത്.
ഭരണകൂടത്തിനുള്ളില്‍ മാസങ്ങളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ
.ഇറാനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനുള്ളില്‍ മാസങ്ങളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചത്. ഇറാന് യുദ്ധത്തോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ജോ കെന്റ് നേരത്തെ രാജിവെച്ചിരുന്നു. ഇതോടെയാണ് ഗബ്ബാര്‍ഡിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായത്. തന്റെ ഔദ്യോഗിക കാലാവധിയില്‍ ഇന്റലിജന്‍സ് രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗബ്ബാര്‍ഡിന് സാധിച്ചിരുന്നു..
ഗബ്ബാര്‍ഡിന്റെ ഔദ്യോഗിക ജീവിതത്തെ വിവാദത്തിലാക്കി
ഇറാനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍, ആഭ്യന്തര അന്വേഷണങ്ങള്‍, യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ പങ്കിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ എന്നിവ ഗബ്ബാര്‍ഡിന്റെ ഔദ്യോഗിക ജീവിതത്തെ വിവാദത്തിലാക്കിയിരുന്നു. ഗബ്ബാര്‍ഡിന് പകരക്കാരനായി ആരായിരിക്കും വരിക എന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.