ന്യൂഡല്‍ഹി: ഈ വര്‍ഷം 14,000 ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി പൊതുമേഖലാ ബാങ്കായ എസ്ബിഐ. പുതിയ വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം ബാങ്കിന്റെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമല്ലെന്നും ബാങ്ക് വ്യക്തമാക്കി. 2020 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം എസ്ബിഐക്ക് ആകെ 2,49,000 ജീവനക്കാരുണ്ട്. സെക്കന്‍ഡ് ഇന്നിംഗ്‌സ് ടാപ്പ് വിആര്‍എസ് -2020′ എന്ന നിര്‍ദ്ദിഷ്ട വിആര്‍എസ് കരട് പദ്ധതി ബാങ്കിന്റെ മാനവ വിഭവശേഷിയും ചെലവുകളെയും കണക്കിലെടുത്തുളളതാണ്. വ്യക്തിപരമായ ചില പ്രശ്‌നങ്ങളോ വിരമിക്കാനുളള ആഗ്രഹങ്ങളോ ഉള്ള ജീവനക്കാര്‍ക്ക് ഒരു ഓപ്ഷന്‍ എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും ബാങ്ക് പറഞ്ഞു.
സ്‌കീം പ്രകാരം വിരമിച്ച ഒരു ജീവനക്കാരന് വിരമിച്ച തീയതി മുതല്‍ രണ്ട് വര്‍ഷത്തിനുശേഷം ബാങ്കില്‍ വീണ്ടും ജോലി ചെയ്യുന്നതിന് അര്‍ഹതയുണ്ടെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു. മൊത്തം 11,565 ഓഫീസര്‍മാര്‍ക്കും 18,625 ജീവനക്കാര്‍ക്കും എസ്ബിഐ വിആര്‍എസ് പദ്ധതി പ്രയോജനപ്പെടുത്താം. യോഗ്യതയുള്ള 30% ജീവനക്കാര്‍ പുതിയ പദ്ധതിയിലേക്ക് പോകാന്‍ തീരുമാനിച്ചാല്‍ ഏകദേശം 2,170.85 കോടി രൂപ ലാഭിക്കാനാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.



