ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന ജെ.ഡി.എസ് നേതാവും മുന്‍ എം.എല്‍.എയുമായ അപ്പാജി ഗൗഡ കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. ശിവമോഗയില്‍ ഭദ്രാവതി നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് ഗൗഡ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഭദ്രാവതിയിലെ വിശ്വേശ്വര അയേണ്‍ ആന്റ് സ്റ്റീല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം തൊഴിലാളി നേതാവായ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.
കഴിഞ്ഞ മാസം ജനതാദളിന്റെ തന്നെ എം.എല്‍.എയായ ബി സത്യനാരായണയും മരണപ്പെട്ടിരുന്നു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കും കൊവിഡ് ബാധിച്ചിരുന്നു.

