വാഷിംഗ്ടൺ :ഇന്ത്യയടക്കമുള്ള ഉത്തരാർദ്ധഗോളത്തിലെ രാജ്യങ്ങളിൽ ഭൗമോപരിതലത്തിന് തൊട്ടുമുകളിലെ ഓസോൺ വാതകത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്.
അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ‘സയൻസ് അഡ്വാൻസസ്’ എന്ന ജേർണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത് .
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ, ഇന്ത്യ,തെക്കുകിഴക്കൻ ഏഷ്യ,മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് മുകളിലെ ഓസോണിനെ അളവ് വർധിക്കുകയാണെന്ന് പഠനം പറയുന്നു .
കൊമേഴ്സ്യൽ എയർക്രാഫ്റ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയത്
1990 നും 2016 നും ഇടയിലുള്ള എയർക്രാഫ്റ്റ് വിവരങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് . കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിലാണ് ഉത്തരാർദ്ധഗോളത്തിലെ ഈ മേഖലയിൽ ഇത്ര പ്രകടമായ വ്യത്യാസം ദൃശ്യമായത്.
അന്തരീക്ഷത്തിൽ സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോൺ ഭൂമിയെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും രക്ഷിക്കുന്ന കവചമാണ്. അതേസമയം 12 കിലോമീറ്ററിൽ താഴെയുള്ള അന്തരീക്ഷ ഭാഗത്തെ ഓസോൺ ജീവജാലങ്ങൾക്ക് ഹാനികരവുമാണ്.
ഓസോൺ ശ്വസിക്കുന്നതിലൂടെ മനുഷ്യരിൽ മാരകമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടാകും.മറ്റ് ജീവജാലങ്ങൾക്കും ഇത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം തന്നെയാണ് ഓസോൺ വർദ്ധനവിനുള്ള കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

