ചാനൽ ചർച്ചക്കിടയിൽ ബിജെപി, ആം ആദ്മി പാർട്ടി വക്താക്കൾ തമ്മിൽ വാക്പോര്

തങ്ങൾ ഈച്ച പോലെ ചെറിയ പാർട്ടിയാണെന്ന് ആം ആദ്മി പാർട്ടി വക്താവ് അഭിനന്ദിത മാതുർ പറഞ്ഞപ്പോൾ കീടനാശിനി അടിച്ചാൽ പാർട്ടി തീർന്നുപോകുമോ എന്ന് ബിജെപി നേതാവ് അലോക് വാറ്റ്സ് ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു ബിജെപി, ആം ആദ്മി പാർട്ടി വക്താക്കൾ തമ്മിലുള്ള വാക്പോര്.

ഗുജറാത്തിൽ ബിജെപിയുടെ വിജയം അടിസ്ഥാനവർഗത്തിനിടയിൽ പ്രവർത്തിച്ചവർക്ക് ലഭിച്ചതാണെന്നും സൗജന്യങ്ങൾ നൽകുന്നവർക്കുള്ള തിരസ്കരണമാണെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആം ആദ്മി പാർട്ടി വക്താവ്. “ഗുജറാത്തിൽ വലിയ ഭൂരിപക്ഷം നേടി വിജയിച്ചതിനു ശേഷവും ഞങ്ങളെപ്പോലെ ചെറിയ, ഈച്ച പോലുള്ള പാർട്ടികൾക്ക് അമിത് ഷാ മറുപടി നൽകുകയാണ്.”- അഭിനന്ദിത പറഞ്ഞു. അങ്ങനെയാണോ ആം ആദ്മി സ്വയം കാണുന്നതെന്ന് അവതാരക ചോദിച്ചപ്പോൾ അഭിനന്ദിത പറഞ്ഞത് ഇങ്ങനെ: “അവരോട് താരതമ്യം ചെയ്യുമ്പോൾ, അതെ അവർ വമ്പൻ പാർട്ടിയാണ്. ഞങ്ങൾ വളരെ ചെറിയ പാർട്ടിയാണ്. വിജയിച്ചപ്പോഴും അവർ ഞങ്ങളെപ്പോലെ ചെറിയ പാർട്ടികളെപ്പറ്റി ശ്രദ്ധാലുക്കളാവുന്നു.”

അഭിനന്ദിത പറഞ്ഞ് പൂർത്തിയാക്കിയപ്പോഴാണ് ബിജെപി നേതാവ് അലോക് വാറ്റ്സ് പ്രതികരിച്ചത്. “അതിനർത്ഥം ഒരു ചെറിയ ബോട്ടിൽ ഹിറ്റ് സ്പ്രേ അടിച്ചാൽ നിങ്ങൾ തീർന്നുപോകുമോ?”. അലോകിന്റെ ചോദ്യം കേട്ട് അവതാരകയും അഭിനന്ദിതയും ഉൾപ്പെടെയുള്ളവർ ചിരിച്ചു.ഗുജറാത്തിൽ 158 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇതാദ്യമായാണ് 50 ശതമാനത്തിലേറെ വോട്ടുകളുമായി ഒരു പാർട്ടി തെരഞ്ഞെടുപ്പ് വിജയിക്കുന്നത്

Share
അഭിപ്രായം എഴുതാം