ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളുമായി പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ സൂപ്പര്‍ താരം ലയണല്‍ മെസി

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളുമായി പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ സൂപ്പര്‍ താരം ലയണല്‍ മെസി. നീസിനെതിരേ സ്വന്തം തട്ടകമായ പാര്‍ക് ഡി പ്രിന്‍സസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നു പി.എസ്. ജി. ജയിച്ചു.

കളിയുടെ 29-ാം മിനിറ്റിലാണു മെസിയുടെ ഫ്രീ കിക്ക് ഗോള്‍ വീണത്. പന്തുമായി മുന്നേറുകയായിരുന്ന മെസിയെ നീസ് താരം ഡാന്റെ വീഴ്ത്തി. റഫറി പി.എസ്.ജിക്ക് അനുകൂലമായി ഫ്രീ കിക്ക് വിളിച്ചു. ബോക്സിന് തൊട്ടുപുറത്തു നിന്നാണ് ഫ്രീ കിക്കെടുക്കേണ്ടിയിരുന്നത്. കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. ഇടംകാലനടി ഉയര്‍ന്നുപൊങ്ങി ബോക്സിന്റെ വലത്തേ മൂലയില്‍ താഴ്ന്നിറങ്ങി. നീസ് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മൈക്കലിനു കാഴ്ചക്കാരന്‍ മാത്രമാകാനെ കഴിഞ്ഞുള്ളു.

47-ാം മിനിറ്റില്‍ ഗേറ്റാന്‍ ലബോര്‍ദെ ഗോള്‍ തിരിച്ചടിച്ചു. അതോടെ മത്സരം സമനിലയില്‍ കലാശിക്കുമെന്ന നിലയിലായി. 83-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ എണ്ണം പറഞ്ഞ ഗോള്‍ ടീമിനെ ജയിപ്പിച്ചു.

ജയത്തോടെ ഒന്‍പത് മത്സരങ്ങളില്‍നിന്ന് എട്ട് ജയം ഉള്‍പ്പെടെ 25 പോയിന്റുമായി പി.എസ്.ജി. ഒന്നാം സ്ഥാനത്തു തുടര്‍ന്നു. നീസ് 13-ാം സ്ഥാനത്താണ്.

Share
അഭിപ്രായം എഴുതാം