ദില്ലി: ‘കണ്ണൂർ വി സി ക്രിമിനൽ, ഗൂഢാലോചന നടന്നത് ദില്ലിയിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബ്. ചരിത്ര കോൺഗ്രസ് വേദിയിൽ കായികമായി തന്നെ നേരിടാൻ വൈസ് ചാൻസിലർ ഒത്താശ ചെയ്തെന്ന ഗവർണറുടെ ആരോപണം തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. അക്കാദമിക് വിദഗ്‍ധരുടെ ജോലി ഗൂഢാലോചനയല്ല : അദ്ദേഹം പറഞ്ഞു. .
2019ൽ കണ്ണൂർ സർവകാലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവർണർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബ് തൻറെ പ്രസംഗത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂർ വിസി ചെയ്തെന്നുമാണ് ഗവർണർ ഇന്ന് ആരോപിക്കുന്നത്.
തൻറെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാൻസലർ അതിൽ പങ്കാളിയായിരുന്നുവെന്നും ഗവർണർ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവർണർക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാൽ സംഭവം പൊലീസിൻറെ ശ്രദ്ധയിൽ പെടുത്താനോ, താൻ നിർദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവർണറുടെ ആരോപണം. കണ്ണൂർ വിസി ക്രിമിനാലാണെന്ന് ഗവർണർ തുറന്നടിച്ചു.
കണ്ണൂർ സർകലാശാലയെ തകർത്തു കൊണ്ടിരിക്കുന്ന വൈസ് ചാൻസലർ പാർട്ടി കേഡറാണെന്ന ആരോപണം ഗവർണർ ഇന്നും ആവർത്തിച്ചു. നിരവധി അനധികൃത നിയമനങ്ങൾ വിസി നടത്തിയിട്ടുണ്ടെന്നും ഗവർണർ തുറന്നടിച്ചു. വൈസ് ചാൻസലർക്കെതിരായ നിയമ നടപടികൾ തുടങ്ങിയതായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ പറഞ്ഞു



