തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി

കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനമായ ഓഗസ്റ്റ് 15ന് ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നാലാംഘട്ട സമുദ്ര പരീക്ഷണവും വിജയിച്ച പശ്ചാത്തലത്തിലാണ് കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്.

23,000 കോടി രൂപ ചെലവിലാണ് കപ്പൽ നിർമ്മിച്ചത്. 262 മീറ്ററാണ് നീളം. 62 മീറ്റർ വീതിയുള്ള കപ്പലിന് 59 മീറ്റർ ഉയരമുണ്ട്. 2009ലാണ് കപ്പലിന്റെ നിർമ്മാണം കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്.40,000 ടണാണ് ഭാരം. 21,500 ടൺ സ്റ്റീലാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണിത്. രണ്ടു ഫുട്‌ബോൾ ഗ്രൗണ്ടുകൾ ചേർത്തുവച്ചാൽ ഉണ്ടാകുന്ന വിസ്തൃതിയാണ് കപ്പലിന്റെ ഡെക്കിന് ഉള്ളത്. 28 നോട്ടിക്കൽ മൈൽ വേഗതയിൽ വരെ സഞ്ചരിക്കാൻ സാധിക്കും. ഒരേ സമയം 7500 നോട്ടിക്കൽ മൈൽ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 1700 പേരെ വരെ ഒരേ സമയം വഹിക്കാൻ ശേഷിയുള്ളതാണ് കപ്പൽ

Share
അഭിപ്രായം എഴുതാം