ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഏറ്റെടുത്തതിനുശേഷം ബാക്കി നില്ക്കുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങള്‍ക്കുള്ള അനുമതി വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനം.
സ്ഥലമേറ്റെടുക്കലിനു ശേഷമുള്ള മിച്ച ഭൂമിയിൽ ദേശീയപാതയിൽ നിന്നും മൂന്ന് തൊട്ട് ഏഴര മീറ്റർ വരെ പരിധിയിൽ താമസകെട്ടിടങ്ങളും ഒറ്റമുറി ചെറുകിട വ്യാപാര സ്ഥാപനങ്ങളും നിർമ്മിക്കാൻ നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വേഗത്തിൽ കൊടുക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്കി. ഇതിനായി കെട്ടിടത്തിന്റെ ദേശീയ പാതയിലേക്കുള്ള പ്രവേശനം എങ്ങനെയാണ് എന്നു വ്യക്തമാക്കുന്ന പ്ലാൻ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ സമർപ്പിക്കണം. ഇത്തരം അപേക്ഷകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദേശീയപാത അതോറിറ്റിയില്‍ നിന്നും നേരിട്ട് അനുമതി ലഭ്യമാക്കേണ്ടതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജൂലൈ 30 വരെയുള്ള അപേക്ഷകൾ ക്രോഡീകരിച്ച് എൻ.എച്ച് ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിലേക്ക് നൽകണമെന്നും കളക്ടർ പറഞ്ഞു.
അപേക്ഷകളില്‍ സമയബന്ധിതമായി നടപടി എടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം. താമസ കെട്ടിടങ്ങള്‍ക്കും, ഒറ്റമുറി വ്യാപാര സ്ഥാപനങ്ങള്‍ക്കും അപേക്ഷാ ഫീസോ, ലൈസന്‍സിന് ചാർജ്ജോ നല്‍കേണ്ടതില്ല.
വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ നിരാക്ഷേപ പത്രത്തിന് കാക്കനാടുള്ള ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇത്തരം കേസുകളില്‍ അപേക്ഷാ ഫീസും, നിശ്ചിത ലൈസന്‍സ് ഫീസും ഒടുക്കേണ്ടതാണ്. അപേക്ഷകർ നേരിട്ട് നിരാക്ഷേപ പത്രം വാങ്ങി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമർപ്പിക്കേണ്ടതാണ്. തുടർ പ്രവർത്തനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തുന്നതായിരിക്കും.
എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പി.ബി സുനിലാൽ, എൻ.എച്ച്.എ.ഐ മാനേജർ ദേബപ്രസാദ് സാഹു, ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി, ചിറ്റാറ്റുകര, വടക്കേക്കര, ആലങ്ങാട് ഗ്രാമ പഞ്ചായത്തുകൾ, പറവൂർ നഗരസഭ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു



