കാക്കനാട് എറണാകുളം ഗവണ്മെന്റ് പ്രസില്‍ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള സി.ടി.പി മെഷീന് സ്ഥാപിക്കുന്നു. പ്രവര്‍ത്തന ഉദ്ഘാടനം ജൂലൈ 29 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, എം.പി, എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
പ്രസിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 72,86,500 രൂപ വകയിരുത്തിയാണ് റീ- പ്രൊഡക്ഷന്‍ സെക്ഷനില്‍ മെഷീന് സ്ഥാപിക്കുന്നത്. പ്രിന്റിംഗ് പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്ന രീതിയിലാണ് സി.ടി.പി മെഷീന്റെ പ്രവര്‍ത്തനം. ആധുനിക പ്രിന്റിംഗ് പ്രക്രിയകളില്‍ ഉപയോഗിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണ് കമ്പ്യൂട്ടര്‍-ടു-പ്ലേറ്റ് (സി.ടി.പി). ഈ സാങ്കേതിക വിദ്യയില്‍ ഒരു ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് (ഡി.ടി.പി) ആപ്ലിക്കേഷനില്‍ സൃഷ്ടിച്ച ചിത്രം പ്രിന്റിംഗ് പ്ലേറ്റിലേക്ക് നേരിട്ട് ഔട്ട്പുട്ട് ചെയ്യാന്‍ സാധിക്കും. നിലവില്‍ കമ്പ്യൂട്ടര്‍ ഫയല്‍ ഫോട്ടോഗ്രാഫിക് ഫിലിമിലേക്ക് ഔട്ട്പുട്ട് ചെയ്യുന്ന പഴയ സാങ്കേതികവിദ്യയായ കമ്പ്യൂട്ടര്‍-ടു-ഫിലിം (സി.ടി.എഫ്) രീതിയായിരുന്നു പ്രസില്‍ ഉപയോഗിച്ചിരുന്നത്.
സി.ടി.പി മെഷീന് വഴി 4 നിറങ്ങള്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ 4 നിറങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള പ്ലേറ്റുകള്‍ മറ്റ് ഗവണ്മെന്റ് പ്രസുകളായ മണ്ണന്തല, ഷൊര്‍ണൂര്‍ ഇവിടങ്ങളില്‍ നിന്ന് എത്തിച്ചാണ് പ്രിന്റ് ചെയ്തിരുന്നത്.



