ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിലെ കൂട്ടമരണം; സിസിടിവിയിലൂടെ ഭാര്യയുടെ ആത്മഹത്യ റെനീസ് തൽസമയം കണ്ടു

ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭർത്താവും, പോലീസുകാരനുമായ റെനീസ് സിസിടിവി ക്യാമറയിലൂടെ തൽസമയം കണ്ടിരിക്കാം എന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാർട്ടേഴ്സിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്റെ മൊബൈൽ ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. ക്യാമറയിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ഫോറൻസിക് ലാബിന്റെ സഹായം തേടിയിരിക്കുകയാണ്.

2022 മെയ് 9 നാണ് രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് നജ്‌ല ആലപ്പുഴ എആർ ക്യാമ്പ് പോലീസ് ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്തത്. ഭർത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തര പീഡനങ്ങളും, പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണം എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണ വേളയിലാണ് നജ്‌ലയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റെനീസ് രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത് പോലീസ് കണ്ടെത്തിയത്.

ക്വാർട്ടേഴ്സിന്റെ ഒന്നാം നിലയിലായിരുന്നു നജ്‌ല താമസിച്ചിരുന്നത്. ഇവിടെ ഹാളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ റെനീസിന്റെ മൊബൈൽ ഫോണുമായാണ് ബന്ധിപ്പിച്ചിരുന്നത്. നജ്‌ല ആത്മഹത്യ ചെയ്ത കിടപ്പുമുറിയും ക്യാമറയുടെ പരിധിയിൽ വരും.

ആത്മഹത്യ നടന്ന ദിവസം വൈകിട്ട് അഞ്ചിന് റെനീസിന്റെ കാമുകിയായ ഷഹാന ക്വാർട്ടേഴ്സിൽ എത്തിയിരുന്നു. റെനീസിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിക്കാൻ അനുവദിക്കണമെന്ന് ഷഹാന നജ്‌ലയോട് ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഇവർ തമ്മിൽ ഏറെ നേരം വഴക്കുണ്ടായി.

09/05/22 രാത്രി തിങ്കളാഴ്ച 10 മണിക്ക് ശേഷമായിരുന്നു ആത്മഹത്യ. ഈ സമയം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോലീസ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ജോലിയിലായിരുന്നു റെനീസ്. ക്വാർട്ടേഴ്സിൽ നടക്കുന്നതെല്ലാം റെനീസ് തൽസമയം കണ്ടിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തൃപ്പൂണിത്തുറയിലെ ഫോറൻസിക് ലാബിനെ സമീപിച്ചിരിക്കുകയാണ് പോലീസ്. ഫോറൻസിക് ഫലങ്ങൾ കൂടി ലഭ്യമായ ശേഷം 2022 ജൂലൈ മാസം അവസാനത്തോടെ കുറ്റപത്രം നൽകാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →