റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണമുണ്ടായ ന്യൂസ്പ്രിന്റ് ക്ഷാമവും വിലക്കയറ്റവും കാരണം ശ്രീലങ്കയിലെ രണ്ട് പ്രധാന പത്രങ്ങൾ പ്രസിദ്ധീകരണം നിർത്തി. ന്യൂസ്പ്രിന്റ് ക്ഷാമം ബാധിച്ചതോടെ ‘ദി ഐലൻഡ്’ എന്ന ഇംഗ്ലീഷ് ദിനപത്രവും സിംഹള പത്രമായ ‘ദിവയീന’യുമാണ് അച്ചടി നിർത്തിയത്. 1981 ഒക്ടോബർ മുതൽ പ്രചാരത്തിലുള്ള ഐലൻഡ് പത്രം ഇനി ഇ-പേപ്പറായി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്പ്രിന്റ് ക്ഷാമം കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദി ഐലൻഡ് പത്രത്തിന്റെ പ്രിന്റ് എഡിഷന്റെ പ്രസിദ്ധീകരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായെന്ന് ഞങ്ങളുടെ വായനക്കാരെ അറിയിക്കുന്നതിൽ ഖേദിക്കുന്നു’ ഉപാലി ന്യൂസ്പേപ്പേഴ്സ് ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് പടർന്നുപിടിച്ചത് ടൂറിസത്തിൽ നിന്നുള്ള രാജ്യത്തിന്റെ വരുമാനത്തെ ബാധിച്ചതോടെയാണ് ശ്രീലങ്ക എക്കാലത്തെയും വലിയ വിദേശനാണ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. യുഎസ് ഡോളറിനെതിരെ ശ്രീലങ്കൻ രൂപയുടെ മൂല്യം ഉയർത്താനുള്ള സർക്കാരിന്റെ തീരുമാനം വന്നതിന് ശേഷം ന്യൂസ്പ്രിന്റിന്റെ ഇറക്കുമതിച്ചെലവും ഗണ്യമായി ഉയർന്നു. വിദേശനാണ്യത്തിന്റെ ദൗർലഭ്യം കാരണം ശ്രീലങ്ക കടുത്ത സാമ്പത്തിക, ഊർജ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അവശ്യവസ്തുക്കളുടെ പെട്ടെന്നുള്ള വിലക്കയറ്റവും ഇന്ധനക്ഷാമവും കാരണം പതിനായിരക്കണക്കിന് ആളുകളാണ് കടകൾക്ക് പുറത്ത് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നത്. ദിവസേന മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പ്രതിസന്ധി നേരിടാനുള്ള നടപടികളുടെ ഭാഗമായി ശ്രീലങ്കൻ സർക്കാർ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്

. സാമ്പത്തിക സഹായത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) സമീപിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. പ്രതിസന്ധിയെ നേരിടാൻ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ശ്രീലങ്കയ്ക്ക് 1 ബില്യൺ ഡോളർ വായ്പ നൽകുമെന്ന് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങാൻ സഹായിക്കുന്നതിനായി ഫെബ്രുവരിയിൽ കൊളംബോയ്ക്ക് 500 മില്യൺ യുഎസ് ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ഇന്ത്യ നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *