ഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഡോക്ടറുടെ മരണത്തിന് ഉത്തരവാദിയെന്ന് മരണക്കുറിപ്പില്‍ പറഞ്ഞിരുന്ന ആം ആദ്മി പാര്‍ട്ടി എം എല്‍ എ അറസ്റ്റിലായി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി എം എല്‍ എ പ്രകാശ് ജാര്‍വാള്‍ ആണ് അറസ്റ്റിലായത്. എം എല്‍ എ -യുടെ സഹായി കപില്‍ നഗറിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ശനിയാഴ്ച്ച(09-05-2020)-നാണ് ഇരുവരും അറസ്റ്റിലായത്. കൊള്ളയ്ക്കും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 18ന് ഡോ. രാജേന്ദ്ര സിങി(52)നെ ദക്ഷിണ ഡല്‍ഹിയിലെ ദുര്‍ഗാ വിഹാറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അവരുടെ ആത്മഹത്യാകുറിപ്പില്‍ പ്രകാശ് ജാര്‍വാള്‍ ആണ് മരണത്തിനുത്തരവാദിയെന്ന് എഴുതിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡോക്ടറുടെ മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിനായി പോലീസില്‍ ഹാജരാകുവാന്‍ രണ്ടു തവണ സമന്‍സ് അയച്ചിരുന്നു. എന്നിട്ടും ഹാജരാവാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ആത്മഹത്യ ചെയ്ത ഡോ. രാജേന്ദ്ര സിംഗ് സ്വന്തം ക്ലിനിക്കിനു പുറമേ ഡല്‍ഹി ജല്‍ ബോര്‍ഡുമായി ജലവിതരണ ബിസിനസിലും ഏര്‍പെട്ടിരുന്നു.
2017 ല്‍ ‘ടാങ്കര്‍ മാഫിയ’യുമായി ബന്ധപെട്ട് ന്യൂസ് ചാനലുകള്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടറുടെ പേര് വെളിപ്പെടുകയും അതിനുശേഷം അദ്ദേഹത്തിന്റെ വാഹനങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തുകയുമുണ്ടായി.
ഈ കേസില്‍ ജാര്‍വാളിന് ബന്ധമുണ്ടെന്നും ജാര്‍വാളാണ് തന്റെ മരണകാരണമെന്നും ഡോക്ടര്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.
ഡോക്ടറുടെ ടാങ്കറുകള്‍ ഡല്‍ഹി ജലവകുപ്പിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. പണം തന്നില്ലെങ്കില്‍ കരാര്‍ റദ്ദ് ചെയ്യുമെന്ന് എം.എല്‍.എ രാജേന്ദ്രസിംഗിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, സിംഗ് പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എംഎല്‍എ കരാര്‍ റദ്ദ് ചെയ്തു. ഈ മാനസിക പീഡനം കാരണമാണ് ഡോക്ടര്‍ ജീവനൊടുക്കിയത്.
കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക്: ഡൽഹിയിൽ ഡോക്ടർ ആത്‍മഹത്യ ചെയ്തു: ആം ആദ്മി എംഎൽഎ ഉത്തരവാദിയെന്ന് കുറിപ്പ്
എന്നാല്‍ പ്രകാശ് ജാര്‍വാള്‍ ഇത് നിഷേധിച്ചു. കഴിഞ്ഞ പത്തു മാസമായി ഡോക്ടറുമായി യാതൊരു ബന്ധമില്ലെന്നും താന്‍ നിരപരാധിയാണെന്നും എതു തരത്തിലുള്ള അന്വേഷണത്തിനും സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും ജാര്‍വാള്‍ പറഞ്ഞു.

