ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ ശശി തരൂര്‍ എം പി. കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ കേന്ദ്രം മൗനം പാലിച്ചുവെന്ന് ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ തരൂര്‍ കുറ്റപ്പെടുത്തി. റെയില്‍വേ മേഖലയിലും കേരളത്തെ അവഗണിച്ചു. ബജറ്റ്, പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങി. തലക്കെട്ടുകള്‍ സൃഷ്ടിക്കാനുള്ളതായി മാറി. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ വര്‍ഷം അനുവദിച്ച പല പദ്ധതികള്‍ക്കും കാര്യമായി പണം ചെലവഴിക്കാത്ത സ്ഥിതിയുണ്ടെന്നും തരൂര്‍ പറഞ്ഞു.
കുരുമുളക് ,സുഗന്ധവ്യഞ്ജന മേഖലയെ പരിഗണിച്ചില്ല.
കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു. കൃഷിക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ മാത്രമാണ് ബജറ്റില്‍ നീക്കിയിരിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കുരുമുളക് കൃഷിയെ പാടേ അവഗണിച്ചു. പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സുഗന്ധവ്യഞ്ജന മേഖലയെ പരിഗണിച്ചില്ല. വ്യക്തികള്‍ക്ക് നികുതി ബാധ്യത വര്‍ധിക്കുകയും വന്‍കിട കമ്പനികള്‍ക്ക് കുറയുകയും ചെയ്യുന്ന അവസ്ഥയാണ്.
വിബി ജി റാംജി പദ്ധതി സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വര്‍ധിപ്പിക്കും
വിഴിഞ്ഞം പദ്ധതിയുടെ റോഡ്, റെയില്‍ വികസനത്തിന് സാമ്പത്തിക പാക്കേജ് ഒന്നും പ്രഖ്യാപിച്ചില്ല. പുതിയ ജലപാതകളില്‍ കേരളത്തെ പരിഗണിക്കുമോ എന്ന് ഉറപ്പില്ല. കടല്‍ഭിത്തി നിര്‍മാണത്തിന് നീക്കിയിരിപ്പില്ല. സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വര്‍ധിപ്പിക്കുന്നതാണ് വിബി ജി റാംജി പദ്ധതിയെന്നും ശശി തരൂര്‍ പറഞ്ഞു. .


