തിരുവനന്തപുരം : 2026 ജൂൺ 6
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് ബാങ്കിംഗ് മേഖല വികസന പങ്കാളികളായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിംഗ് മേഖല മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെ ബാങ്കിംഗ് ബിസിനസ് 18 ലക്ഷം കോടി രൂപ പിന്നിട്ടു. നിക്ഷേപം 10.62 ലക്ഷം കോടി രൂപയും വായ്പ വിതരണം 7.74 ലക്ഷം കോടി രൂപയുമായി ഉയർന്നു. വാർഷിക വായ്പാ പദ്ധതിയുടെ ലക്ഷ്യത്തെ മറികടക്കാൻ കഴിഞ്ഞതും കൃഷി, എംഎസ്എംഇ മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം ശക്തമായി തുടരുന്നതും ശ്രദ്ധേയമാണ്. അതേസമയം ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം കുറയുന്നത് ആശങ്കാജനകമാണെന്നും ബാങ്കുകൾ കൂടുതൽ സജീവമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും സാങ്കേതിക പുരോഗതിയും മനുഷ്യവികസനവും സമന്വയിപ്പിക്കുന്ന ‘പുതുയുഗ കേരളം’ എന്ന ആശയമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ക്ഷേമപ്രവർത്തനങ്ങളും സുതാര്യ ഭരണവും ജനവിശ്വാസം വർധിപ്പിക്കുന്ന നടപടികളും തുടരും. കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശവും തുറമുഖ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി സമഗ്ര ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം വികസിപ്പിക്കും. തീരദേശ ഷിപ്പിംഗ് പദ്ധതികളും ക്രൂയിസ് ടൂറിസവും ഇതിന്റെ ഭാഗമാകും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് 27 ഏവിയേഷൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്ക് സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സേവനങ്ങളുടെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കും. വിദേശ സർവകലാശാലകളുമായും കോർപ്പറേറ്റ് മേഖലയുമായും സഹകരിച്ച് വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കും. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും.
സംസ്ഥാനത്ത് 10,000 പുതിയ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിനായി കുറഞ്ഞ പലിശ നിരക്കിൽ ധനസഹായവും സാങ്കേതിക പിന്തുണയും ഉറപ്പാക്കും. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി നടപ്പാക്കും. മുതിർന്ന പൗരന്മാർക്കായി ഇന്ത്യയിൽ ആദ്യമായി പ്രത്യേക വകുപ്പ് ആരംഭിക്കും. ഇത് കേവലം ക്ഷേമ പദ്ധതിയിൽ ഒതുങ്ങുന്നതല്ല, പകരം മുതിർന്നവരുടെ അനുഭവസമ്പത്തും കഴിവുകളും സാമ്പത്തിക രംഗത്ത് പ്രയോജനപ്പെടുത്തുന്ന ‘സിൽവർ ഇക്കോണമി’ എന്ന ആശയമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രവാസികളുടെ സംഭാവന നിർണായകമാണ്. ഗൾഫ് മേഖലയിലെ മാറ്റങ്ങളും ‘റിവേഴ്സ് റെമിറ്റൻസ്’ പ്രതിഭാസവും വിശദമായി പഠിക്കേണ്ടതുണ്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാതൃകയിൽ പ്രവാസി നിക്ഷേപങ്ങളെ അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം മേഖലയ്ക്കും വിനിയോഗിക്കുന്ന പുതിയ ധനകാര്യ ഉൽപ്പന്നങ്ങൾ ബാങ്കുകൾ രൂപകൽപ്പന ചെയ്യണം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി പുനരുപയോഗ ഊർജ്ജ പദ്ധതികളും ഇലക്ട്രിക് വാഹനങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കും. ഗ്രീൻ ഫിനാൻസിംഗിൽ ബാങ്കുകൾ പ്രധാന പങ്ക് വഹിക്കണം. നിക്ഷേപങ്ങളെ സംരംഭങ്ങളായും സംരംഭങ്ങളെ തൊഴിലവസരങ്ങളായും മാറ്റി കേരളത്തിലെ ഓരോ പൗരന്റെയും ജീവിതനിലവാരം ഉയർത്തുന്നതിനായി ബാങ്കുകളും സർക്കാരും കൈകോർത്ത് പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാനറാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യപ്രഭാഷണം നടത്തി. എസ്എൽബിസി കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജറുമായ സന്തോഷ് വി എസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്ര, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ, വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ സന്നിഹിതരായി.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.