.
നിലമ്പൂർ: മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമെന്ന് പി.വി. അൻവർ എംഎൽഎ. മലയോര കർഷകർ വന്യമൃഗശല്യം മൂലം പ്രയാസപ്പെടുകയാണ്. എന്നാൽ, ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ല. തെക്കൻ കേരളത്തിൽനിന്ന് കുടിയേറിയ ആയിരക്കണക്കിന് മലയോര കർഷകർ താമസിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ 10 വില്ലേജുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 131 പരിസ്ഥിതിലോല മേഖലയിൽപെട്ടിരിക്കുകയാണ്.പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇഎസ്‌എ )വിഷയത്തിൽ മലയോര മേഖലയിലെ 60 പഞ്ചായത്തുകൾ ഉൾപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഒരു നിലപാടും സ്വീകരിച്ചില്ല. എടവണ്ണ ഒതായിയിലെ വസതിയിൽ സെപ്തംബർ 28 ശനിയാഴ്ച രാവിലെ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പ്രചാരണ പരിപാടി സംഘടിപ്പിക്കും
ക്രൈസ്തവ മേലധ്യക്ഷൻമാരെ കണ്ട് ഈ വിഷയം ചർച്ച ചെയ്തശേഷം കാസർഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഈ 60 പഞ്ചായത്തുകളിലൂടെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും അൻവർ പറഞ്ഞു. നിലമ്പൂരിലെ മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മഹാഭൂരിപക്ഷവും ക്രൈസ്തവ സഭകൾക്കു കീഴിലുള്ളതാണ്. തൻറെ എംഎൽഎ ഫണ്ടിൽനിന്ന് ഈ സ്ഥാപനങ്ങൾക്കുൾപ്പെടെ പരമാവധി സഹായം നൽകിയിട്ടുണ്ട്. പാവപ്പെട്ട മലയോര കർഷകർ പതിറ്റാണ്ടുകൾക്കു മുമ്ബ് ഇവിടെവന്ന് സ്ഥാപിച്ചതാണ് ഈ സ്ഥാപനങ്ങളെല്ലാം. ഇത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും മലയോര കർഷകരുടെ കാര്യത്തിൽ ജാതിയും മതവും കലർത്തരുതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനോട് താൻ പറഞ്ഞിരുന്നു.
മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് കൊടുക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് നൽകൽ പാർട്ടി നയമല്ലെന്നു പറഞ്ഞ് ഇ.എൻ. മോഹൻദാസ് എന്നെ താക്കീത് ചെയ്തിട്ടുണ്ട്. ഫണ്ട് കൊടുക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു. .യാത്രാ സൗകര്യംപോലും ഇല്ലാത്ത മേഖലകളിൽ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് ക്രൈസ്തവ സമൂഹത്തിൻറെ സംഭാവനയാണ്. നിലമ്പൂർ മേഖലയിൽ 15 ശതമാനത്തിൽ താഴെയാണ് ക്രൈസ്തവരുടെ മക്കൾ പഠിക്കുന്നത്. ബാക്കി 85 ശതമാനം കുട്ടികൾക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കുന്നു. അതിനാൽതന്നെ എംഎൽഎ എന്ന നിലയിൽ ക്രൈസ്തവ സമുദായത്തിൻറെ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകിയിട്ടുണ്ട്. ഇനിയും തുടർന്ന് നൽകും. ഇതാണ് ന്യൂനപക്ഷ വിരുദ്ധനായ സിപിഎം മലപ്പുറം ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ് തന്നെ ശത്രുപക്ഷത്ത് നിർത്താൻ കാരണമെന്ന് അൻവർ പറഞ്ഞു.
അദ്ദേഹം പക്കാ ആർഎസ്‌എസ് ആണ്.
ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിനാണ് ഇ.എൻ. മോഹൻദാസ് തന്നെ ശത്രുപക്ഷത്ത് നിറുത്തിയിരിക്കുന്നത്. അടുത്തിടെ പാർട്ടി ഓഫീസിൽ മോഹൻദാസിനെ ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചവിട്ടാൻ ശ്രമിച്ചിരുന്നുവെന്നും അൻവർ വെളിപ്പെടുത്തി. ആർഎസ്‌എസ് സ്വഭാവം വീട്ടിൽ വച്ചാൽ മതി. പാർട്ടി ഓഫീസിൽ വേണ്ടെന്നു പറഞ്ഞ് കോളറിനു പിടിച്ചിട്ടുണ്ട്. ഇത്രയും ആർഎസ്‌എസ് വത്കൃത മനസുമായി നടക്കുകയാണ്. അദ്ദേഹം പക്കാ ആർഎസ്‌എസ് ആണ്.മലപ്പുറത്ത് മുസ്‌ലിം സമുദായത്തെ തകർക്കാൻ വേണ്ടി രാപകൽ ആർഎസ്‌എസിനുവേണ്ടി നടക്കുകയാണ് മോഹൻദാസെന്നും പി.വി. അൻവർ ആരോപിച്ചു.
മതേതരത്വത്തിൻറെ മുഖമാണ് മലപ്പുറം
മതേതരവാദിയായ തന്നെ അഞ്ചുവട്ടം നിസ്കരിക്കുന്നു എന്നതിൻറെ പേരിലാണോ ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്നതെന്ന് മോഹൻദാസ് വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. മതേതരത്വത്തിൻറെ മുഖമാണ് മലപ്പുറത്തിൻറേത്. അത് നിലനിർത്താൻ താൻ പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു