തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രൻ മാറ്റുന്നതിനും പകരം കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ മന്ത്രിയാക്കാനും തീരുമാനം . പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിളളതായി പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ശരദ് പവാറിന്റെയും പി.സി.ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്ന് തോമസ് കെ.തോമസും പ്രതീക്ഷിക്കുന്നു.
രണ്ടാം പിണറായി സർക്കാരിൽ രണ്ടര വർഷം പൂർത്തിയാക്കുന്ന ശശീന്ദ്രൻ ഒഴിയണമെന്നാണ് തോമസ് കെ.തോമസിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാർട്ടിയിൽ പിന്തുണ ലഭിച്ചിരുന്നില്ല. ശശീന്ദ്രനെ അനുകൂലിച്ചിരുന്ന പി.സി.ചാക്കോ തോമസിനൊപ്പമായതോടെയാണ് മന്ത്രിമാറ്റ ചർച്ചകൾ സജീവമായത്.
തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതിനോട് ശശീന്ദ്രന് യോജിപ്പില്ല
എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടു ചർച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ മൂന്നു നേതാക്കളോടും നിർദേശിച്ചത്. ശശീന്ദ്രന് തന്നെ നീക്കുന്നതിനോട് യോജിപ്പില്ല. തനിക്കൊപ്പം നിൽക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാർട്ടിയിൽ രണ്ടഭിപ്രായമുണ്ടെന്നു വന്നാൽ തീരുമാനം സിപിഎം നീട്ടുമെന്ന് ശശീന്ദ്രൻ കരുതുന്നു
പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവർ തലസ്ഥാനത്ത് മുഖ്യമന്ത്രിയെ കാണാനിരുന്നതാണെങ്കിലും പിണറായിയുടെ തിരക്ക് മൂലം അതിനു സാധിച്ചില്ല. പിബി യോഗത്തിനുശേഷം 29നേ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തൂ.
.