ചൂരൽമലയിൽ തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചഉണ്ടായതായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ ആവശ്യപ്പെട്ടു. തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചയാണുണ്ടായത്. തുടക്കത്തിൽ കാണിച്ച വേഗത പിന്നീടുണ്ടായില്ല. മുഖ്യമന്ത്രിയോടും, മന്ത്രിമാരോടും കലക്ടറോടും നിരന്തരമായി ആവശ്യപ്പെട്ടതാണ്. എന്നാൽ ഇതിൽ നിന്നും വലിയ പുറകോട്ടുപോക്കാണ് ഉണ്ടായത്.

അർജുന്റെ മൃതദേഹം കണ്ടെത്താനായത് ആത്മവിശ്വാസം നൽകുന്നു

72 ദിവസത്തിന് ശേഷം അർജുന്റെ മൃതദേഹം കണ്ടെത്താനായത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ വികാരം തെരച്ചിലിന്റെ കാര്യത്തിൽ ഉൾക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന് ദുരന്തബാധിതർക്ക് വേണ്ടി ആവശ്യപ്പെടുകയാണെന്നും എം എൽ എ പറഞ്ഞു. 2024 ജൂലൈ 30ന് ഉരുൾപ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണ് തെരച്ചിൽ നടത്തിയത്. പിന്നീട് ഒരു ദിവസം കൂടി തെരഞ്ഞു. അന്ന് അഞ്ച് ശരീരാവശിഷ്ടങ്ങളാണ് ലഭിച്ചത്. അതിന് ശേഷവും നിലമ്പൂരിൽ നിന്ന് ഒരു ശരീരഭാഗം കൂടി കിട്ടി. ഉറ്റവരുടെ ശരീരാവശിഷ്ടങ്ങൾ ഇപ്പോഴും ഭൂമിക്കടിയിലും പുറത്തുമായി കിടക്കുകയാണ്. എന്നാൽ തെരച്ചിൽ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.

ദുരന്തബാധിതരുടെമുഴുവൻ ബാധ്യതകളും എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കണം

ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും ദുരന്തബാധിതരുടെ വായ്പകളിൽ പലയിടത്തും തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. നാഷണലൈസ്ഡ്, സഹകരണ ബാങ്കുകൾ മുഴുവൻ ബാധ്യതകളും എഴുതിത്തള്ളാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. എല്ലാവിധ വായ്പകളും മുഴുവനായി എഴുതിത്തള്ളാൻ ആവശ്യമായ നടപടി കേന്ദ്ര-കേരള സർക്കാരുകൾ തയ്യാറാകണം. ഇത്രദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനമാകാത്തതിന് പിന്നിൽ ഇരുസർക്കാരുകളുടെയും വീഴ്ചയാണ്.

സഹായവിതരണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന നടപടി അംഗീകരിക്കാനാവില്ല

ധനസഹായവിതരണം ഇത്രയും ദിവസമായിട്ടും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തും, സർവകക്ഷിയും, പ്രദേശത്തെ ക്ലബ്ബുകളടക്കമുള്ള കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെ സഹായിക്കാൻ ഇത് കൊണ്ട് കഴിയുമായിരുന്നു. നിർഭാഗ്യവശാൽ അത്തരം കമ്മിറ്റി തൽക്കാലം വേണ്ടെന്ന് തീരുമാനിച്ചത് മന്ത്രിസഭാ ഉപസമിതിയിൽപ്പെട്ട മന്ത്രിമാരാണ്. ഇന്നും ഇതുമായി ബന്ധപ്പെട്ട് പരാതികൾ കേൾക്കുന്ന സാഹചര്യമാണ്.സഹായവിതരണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും എം എൽ എ പറഞ്ഞു.

ദുരന്തബാധിതരുടെ തുടർചികിത്സയും താളം തെറ്റിയിരിക്കുകയാണ്. വായ്പയെടുത്തത് എഴുതിത്തള്ളുന്നില്ല. ജീവനോപാദി സമ്പൂർണമായി നഷ്ടപ്പെട്ടത് പുനക്രമീകരിക്കാൻ തയ്യാറാകുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന കുട്ടികളുടെ ഫീസടക്കേണ്ട സമയമായി. അവിടെയും സർക്കാർ ഇടപെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം നടപടിയുണ്ടാകണം. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തിയ വിവരശേഖരണത്തിൽ 253 ലക്ഷം രൂപ ഫീസിനത്തിനും അനുബന്ധകാര്യത്തിനും ആവശ്യമാണെന്നാണ് മനസിലാക്കാനായത്. ഈ മുഴുവൻ തുകയും സ്‌പോൺസർ ചെയ്യാനുള്ള ചർച്ച മലബാർ ഗോൾഡ് ചെയർമാനുമായി തണലിനൊപ്പം ചേർന്ന് നടത്തി. ഇതിന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പാളിച്ചകൾ .സർക്കാർ വിലയിരുത്തണം.

സർക്കാരുമായി ബന്ധപ്പെട്ടായിരിക്കും ഇത് നടപ്പിലാക്കുക. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പാളിച്ചകൾ അടിയന്തരമായി സർക്കാർ വിലയിരുത്തുകയും, തിരുത്താനുള്ള നടപടി സ്വീകരിക്കുകയും വേണം. മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യം ആഴ്ചകളായി ജില്ലയിൽ ഇല്ലെന്നത് ദുരന്തപരിഹാര ശ്രമങ്ങളുടെ വീഴ്ചയുടെ ആഴം കൂട്ടുന്നതാണ്. സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ വിഷയം നിയമസഭയിൽ അവതരിപ്പിക്കും. മറുപടി തൃപ്തികരമല്ലെങ്കിൽ കോൺഗ്രസും, യു ഡി എഫും പ്രതിഷേധങ്ങളിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകുമെന്നും എം എൽ എ പറഞ്ഞു. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, വി എ മജീദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →