കുട്ടികൾ കൃത്യമായി ക്ലാസിലെത്തിയില്ലെങ്കിൽ മാതാപിതാക്കൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. 20 ദിവസം കുട്ടി സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാവിന്റെ വിവരങ്ങൾ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിൻസിപ്പാൾ കൈമാറണം. മതിയായ കാരണമില്ലാതെ 20ദിവസത്തോളം അവധിയെടുത്താലാണ് മതാപിതാക്കൾ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരിക. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസിൽ വരാതിരുന്നതെന്ന് തെളിഞ്ഞാൽ തടവ് ഉൾപ്പെടെ മതിയായ ശിക്ഷ ജഡ്ജിക്ക് വിധിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർത്ഥി മൂന്ന് ദിവസം ക്ലാസിലെത്താതിരുന്നാൽ ആദ്യ മുന്നറിയിപ്പ് നൽകും. ഒപ്പം സ്‌കൂളിലെ വിദ്യാർത്ഥിയുടെ മെന്ററിന് വിവരം കൈമാറും. അഞ്ച് ദിവസം ക്ലാസ് മുടക്കിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. അവധി പത്ത് ദിവസമായാൽ രക്ഷിതാവിന് മൂന്നാമത്തെ നോട്ടീസയക്കും. പതിനഞ്ച് ദിവസമായാൽ വിദ്യാർഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റും.
20ാം ദിവസം ശിശു സംരക്ഷണ നിയമപ്രകാരമുള്ള മറ്റ് നടപടികളിലേക്ക് കടക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കുടുംബസംരക്ഷണ വകുപ്പ് കുട്ടിയുടെ മൊഴിയെടുത്തശേഷം അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷനെ നിയോഗിക്കുകയും ചെയ്യും.



