റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ 28 വർഷത്തിന് ശേഷം മാവേലിക്കര പൊലീസ് പിടികൂടി. ചെട്ടികുളങ്ങര മാടശേരിചിറയിൽ വീട്ടിൽ ശ്രീകുമാർ (ചിങ്കു-51) ആണ് പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത്‌ വീരാറ്റി തറയിൽ (ശ്രീശൈലം എന്ന വിലാസത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. 1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം.

സൈനിക ഉദ്യോഗസ്ഥനായ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും ഒപ്പമുണ്ടായിരുന്ന പ്രദീപ്, ജയചന്ദ്രൻ എന്നിവരുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. ഗുരുതരമായി പരിക്കേറ്റ ജയപ്രകാശ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞ ശ്രീകുമാർ ഒളിവിൽ പോയി. മാവേലിക്കര പൊലീസ് കൊലപാതക കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മറ്റു പ്രതികളായ പ്രദീപും, ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികൾ നേരിട്ടു.

ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡിഷണൽ ഡിസ്ട്രിക് & സെഷൻസ്-I കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മറ്റ് പ്രതികളുടെ വിചാരണ നടത്തിയിരുന്നു. ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ശ്രീകുമാറിന്റെ നാട്ടിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഇയാൾ ഒളിവിൽ പോയി താമസിച്ചിരുന്ന മംഗലാപുരം, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ അന്വേഷണ സംഘമെത്തി. പ്രതി അവിടെ നിന്നും കോഴിക്കോട് ജില്ലയിലെത്തി ഹോട്ടൽ ജോലിയും കല്പണിയും ചെയ്തു താമസിക്കുന്നുവെന്ന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

ചെങ്ങന്നൂർ ഡി വൈ എസ് പി എം.കെ ബിനുകുമാർ, മാവേലിക്കര ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്‌, എ എസ് ഐ പി.കെ റിയാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്ക്, അരുൺ ഭാസ്കർ,സി പി ഒ എസ്.സിയാദ് എന്നിവരടങ്ങിയ പ്രേത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശ്രീകുമാറിനെ 2023 ജൂലൈ 11ചൊവ്വാഴ്ച മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതി-1 ൽ ഹാജരാക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *