തിരുവനന്തപുരം: ബാലരാമപുരം ആറാലുംമൂടിൽ മുഖംമൂടി ധരിച്ചയാൾ വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. ആറാലുംമൂട് സ്വദേശി വാസന്തിയെയാണ് ആക്രമിച്ചത്. കൃത്യം ചെയ്‌തത് വയോധികയുടെ രണ്ടാമത്തെ മകന്റെ ഭാര്യയെന്ന് പൊലീസ് പറഞ്ഞു. 2023 മെയ് 9 ചൊവ്വാഴ്ച രാവിലെ വാസന്തി പാൽ സൊസൈറ്റിയിൽ പാൽ കൊടുത്ത ശേഷം മടങ്ങിവരുമ്പോഴാണു മുഖംമൂടി ധരിച്ചെത്തിയ മരുമകൾ ആക്രമിച്ചത്. സംഭവത്തിൽ രണ്ടാമത്തെ മകൻ രതീഷ്‌കുമാറിന്റെ ഭാര്യ സുകന്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
വാസന്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ 2 വർഷമായി രതീഷ് അമ്മയുമായി പിണക്കത്തിലായിരുന്നു. മദ്യപാനിയായ രതീഷ് ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് അമ്മയാണെന്ന് ആരോപിച്ചാണ് മകൾ വയോധികയുടെ കാൽ തല്ലിയൊടിച്ചത്.
നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും സുകന്യ കടന്നുകളഞ്ഞു. റെയിൽപാളം വഴി മുഖംമൂടി ധരിച്ചയാൾ ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിരുന്നു.


