തിരുവനന്തപുരം : സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ നിലയിൽ ആയെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ. സ്വപ്നയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്നും കെ സുധാകരൻ ചോദിച്ചു. ഇനിയും അപഹാസ്യനാകാൻ നിന്നുകൊടുക്കേണ്ടതുണ്ടോ? കൊന്നും കൊലവിളിച്ചും പാരമ്പര്യം ഉള്ളവർ ഭരിക്കുന്നത് കൊണ്ടാണ് സ്വപ്നയെ തീർത്തുകളയും എന്ന് ഭീഷണിയെന്നും സിപിഎം ഭരണത്തിൽ കേരളം അധോലോകമായി മാറിയെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം ഒത്തുതീർപ്പിന് വേണ്ടി സമീപിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തോട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് എംവി ഗോവിന്ദന്റെ മറുപടി. സിപിഎം ജാഥ നടക്കുന്നതിനിടെയാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ എംവി ഗോവിന്ദനെതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്
മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ കടുത്ത ആരോപണം ഉന്നയിക്കാൻ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെങ്കിൽ ഇപ്പോൾ 30 കോടിയാണ് നൽകാൻ തയാറായി നിൽക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാൻ സിപിഎം വിനിയോഗിക്കുന്നത്. ഭീഷണിക്ക് വഴങ്ങിയില്ലെങ്കിൽ തീർത്തുകളുയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്. സിപിഎം ഭരണത്തിൽ കേരളം അധോലോകമായി മാറിയിരിക്കുന്നു. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല മറിച്ച് നിയമപരമായി നേരിടാൻ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടത്.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സംശയത്തിന്റെ ആനുകൂല്യം നൽകിയവർ പോലും ഇപ്പോൾ മറിച്ചു ചിന്തിക്കുന്നു. മുഖ്യമന്ത്രി മുമ്പ് പരാമർശിച്ചിട്ടുള്ള അവതാരങ്ങൾ ഓരോന്നായി കുടം തുറന്ന് പുറത്തുവരുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തവരേണ്ടത് അനിവാര്യമാണ്. അതിന് ആവശ്യമായ നിയമപരവും ധാർമികവുമായ നടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
