ബേപ്പൂര്‍: ബേപ്പൂരിന്റെ മുഖഛായ മാറ്റുന്ന വാട്ടര്‍ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. വിവിധ സ്റ്റാളുകളും പവലിയനുകളും അവസാനഘട്ട ഒരുക്കത്തിലാണ്. സാഹസിക ജലകായികമത്സരങ്ങളുടെ ഭൂപടത്തില്‍ ഇടംനേടിയ ബേപ്പൂര്‍ ഫെസ്റ്റ് രണ്ടാം സീസണിനു നാളെ തിരിതെളിയും. 28 വരെ നീളുന്ന ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജലകായികമത്സരങ്ങളുടെ വേദിയാണ്.
ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണു മേള സംഘടിപ്പിക്കുന്നത്. സിറ്റ് ഓണ്‍ ടോപ്പ് കയാക്കിങ്, വൈറ്റ് വാട്ടര്‍ കയാക്കിങ്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയ സാഹസിക ഇനങ്ങള്‍ക്ക് പുറമെ തദ്ദേശവാസികള്‍ക്കായി നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങള്‍, വല വീശല്‍, ചൂണ്ടയിടല്‍ എന്നിവയും സംഘടിപ്പിക്കുന്നു. സെയിലിങ് റെഗാട്ടയില്‍ വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട്.
വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോഴിക്കോടിന്റെ തനത് രുചിവിഭവങ്ങള്‍ അണിനിരക്കുന്ന മെഗാ ഫുഡ് ഫെസ്റ്റിവലും മേളയുടെ മുഖ്യാകര്‍ഷണമാവും. ടൂറിസം കാര്‍ണിവല്‍, ഫുഡ് ആന്‍ഡ് ഫ്‌ളീ മാര്‍ക്കറ്റ് എന്നിവ മുഴുവന്‍ ദിവസങ്ങളിലും രാവിലെ 10 മുതല്‍ രാത്രി 10 വരെ ഉണ്ടാവും.
25/12/2022 വൈകിട്ട് 7.30ന് ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന ഗാനസന്ധ്യ. 25 ന് വിധുപ്രതാപ് ഷോ, പാ ി ബാന്‍ഡ് സംഗീത പരിപാടി എന്നിവ അരങ്ങേറും. 26ന് നവ്യ നായര്‍, കെ.കെ നിഷാദ്, താമരശേരി ബാന്‍ഡ് എന്നിവരുടെ കലാപരിപാടികള്‍ നടക്കും. 27ന് ശിവമണി, കാവാലം ശ്രീകുമാര്‍, പ്രകാശ് ഉള്ള്യേരി, സൗരവ് കൃഷ്ണ, ഗുല്‍ സക്‌സേന എന്നിവരുടെ കലാപ്രകടനങ്ങള്‍ വേദിയിലെത്തും. 28 ന് തൈക്കൂടം ബാന്‍ഡ് കാണികള്‍ക്കു മുന്നിലെത്തും.



