ബഫർ സോൺ വിഷയത്തിൽ സ‌ർ‌ക്കാർ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ബഫർ സോൺ പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാർക്കുകളുടെയും പരിധിയിലെ ജനവാസമേഖലകളെ ഇക്കോളജിക്കൽ സെൻസി‌റ്റീവ് സോണിന്റെ പരിധിയിൽ നിന്നൊഴിവാക്കണം എന്നതാണ് സ‌ർക്കാരിന്റെ ഉറച്ച നിലപാട്. മറിച്ചുള‌ള പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

.ഇത്തരം മേഖലകളിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ചും കെട്ടിടങ്ങൾ, നിർമ്മാണങ്ങൾ ഇവ ചേർത്തും മാത്രമേ സുപ്രീംകോടതിയിൽ അന്തിമ റിപ്പോർട്ട് നൽകൂ. കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശം സംസ്ഥാനത്തെ ജനസാന്ദ്രതയേറിയ മേഖലകളെന്ന് തെളിയിക്കാനാണിത്. ഈ സ്ഥലങ്ങൾ ബഫർസോണാക്കാൻ പ്രായോഗികമായുള‌ള പ്രയാസങ്ങൾ കോടതിയെ ബോദ്ധ്യപ്പെടുത്തും. താമസക്കാർക്കോ കർഷകർക്കോ ആശങ്ക വേണ്ട.

2002ൽ വാജ്‌പേയി സർക്കാരിന്റെ കാലത്താണ് വൈൽഡ് ‌ലൈഫ് കൺസർവേഷൻ സ്‌ട്രാറ്റജിയുടെ ചുവടുപിടിച്ച് 10 കിലോമീ‌റ്റർ ബഫർസോൺ ഏർപ്പെടുത്തിയതെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി വിഷയത്തിൽ 2011ൽ മന്ത്രിയായ ജയറാം രമേശ് കടുത്ത നിർബന്ധബുദ്ധി കാട്ടിയതായും വിമർശിച്ചു. 2011ൽ യുഡിഎഫ് സർക്കാർ വന്നശേഷം 10 കിലോമീ‌റ്റർ എന്നത് 12 കിലോമീ‌റ്റർ‌ വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചതായും എന്നാൽ 2016ലെ എൽഡിഎഫ് സർക്കാർ ജനജീവിതവും, ഉപജീവനവും ബാധിക്കാത്ത വിധം ബഫർസോൺ ഏർപ്പെടുത്താമെന്ന് നിലപാടെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളമടക്കം സംസ്ഥാനങ്ങളുടെ സമ്മർദ്ദഫലമായി 2019 ഓഗസ്‌റ്റ് എട്ടിന് ബഫർസോൺ 10 കിലോമീ‌റ്ററിനകത്ത് നിർമ്മാണത്തിന് നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ അനുമതി വേണ്ടെന്ന് ഇളവ് നൽകാൻ കേന്ദ്രം നിർബന്ധിതമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബഫർസോൺ പൂജ്യം മുതൽ 12 കിലോമീ‌റ്റർ വരെ എന്നതിൽ നിന്നും പൂജ്യം മുതൽ ഒരുകിലോ‌മീറ്റർ വരെ നിജപ്പെടുത്തി 2019 ഒക്‌ടോബർ 31ന് മന്ത്രിസഭ തീരുമാനിച്ചു. ഉത്തരവനുസരിച്ച് ഒരു കി.മീ പ്രദേശം നിർബന്ധമായും ഇക്കോ സെൻസിറ്റീവ് സോൺ ആയിരിക്കണം എന്ന് പറയുന്നില്ല. പൂജ്യം മുതൽ ഒരു കിലോ മീറ്ററിൽ താഴെ എത്ര വേണമെങ്കിലും ഇക്കോ സെൻസിറ്റീവ് സോൺ ആയി നിശ്ചയിക്കാമെന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ.ബഫർ സോൺ വിഷയത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വനംമന്ത്രി മുൻകൈയെടുത്തില്ല എന്ന് ആക്ഷേപമുള‌ളത് അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

2022 ജൂൺ മൂന്നിന് കോടതി വിധി വന്ന് അഞ്ച് ദിവസത്തിനകം ജൂൺ എട്ടിന് ഈ ഉത്തരവ് പഠിച്ച് മതിയായ നടപടി സ്വീകരിക്കാൻ മന്ത്രി യോഗംവിളിച്ചു ചേർത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനും സംസ്ഥാന സർക്കാർ നിർദ്ദേശം അംഗീകരിക്കണമെന്നും കേന്ദ്ര സർക്കാരിന് ജൂൺ 14ന് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.ഉപഗ്രഹ സ‌ർവെ ഒരു സൂചകം മാത്രമാണെന്നും അന്തിമ രൂപമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത്തരം പ്രചാരണം തെറ്റെന്നും അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ ജാഗ്രതയുള‌ളപ്പോൾത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന നടപടിയൊന്നുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Share
അഭിപ്രായം എഴുതാം