റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിരുദ-ബിരുദാനന്തര സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് പരിശോധിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലെ ബിരുദ-ബിരുദാനന്തര പ്രവേശനത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനിടയായ സാഹചര്യം വിശദമായി പരിശോധിക്കുന്നതിന് ചൊവ്വാഴ്ച (14.12.2022) ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അഡ്മിഷന്‍ മോണിറ്ററിങ്ങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അഡ്മിഷന്‍ സമ്പ്രദായത്തിലെ അപാകതയാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമെന്ന് സിന്‍ഡിക്കേറ്റ് വിലയിരുത്തി. അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകര്‍ക്ക് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് സെന്റര്‍ ആയി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതി സിന്‍ഡിക്കേറ്റ് തള്ളി.

തൃശൂര്‍ മാളയിലെ കാര്‍മല്‍ കോളജിനു സ്വയംഭരണപദവി നല്‍കുന്നതിന് സിന്‍ഡിക്കേറ്റ് പരിശോധന നടത്തും. ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് ഒരു ഉദ്യോഗസ്ഥന്റെ സേവനം വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും. സര്‍വകലാശാല എന്‍ജിനീയറിങ് കോളജുകളിലെ ചോദ്യപേപ്പര്‍ തയാറാക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാല പരിധിക്കുള്ളിലെ അധ്യാപകരെ ചുമതലപ്പെടുത്തും. പുതിയ ട്രെയിനിങ് കോളജുകള്‍ ആരംഭിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കും.

സര്‍വകലാശാലയിലെ ചെയറുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിയമപരിഷ്‌കാരങ്ങള്‍ അംഗീകരിച്ചു. പത്തുവര്‍ഷം അധ്യാപന പരിചയമുള്ളവരെ വിസിറ്റിങ് പ്രഫസര്‍മാരായി നിയമിക്കും. ചെയറുകളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കും. ചെയറുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. യൂണിവേഴ്‌സിറ്റിക്ക് ഭൂരിപക്ഷം ലഭിക്കുന്ന രൂപത്തില്‍ ചെയറുകളുടെ ഗവേണിങ് ബോഡിയില്‍ മാറ്റം വരുത്തും.

സര്‍വകലാശാല വിവിധ പഠനവകുപ്പുകളുടെ മേധാവികളായി പരിഗണിക്കുന്നതിന് അസിസ്റ്റന്റ് പ്രഫസര്‍മാര്‍ക്ക് അഞ്ചു വര്‍ഷമെങ്കിലും അധ്യാപന പരിചയം വേണം. കായികമികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനം വരെ ഗ്രേസ് മാര്‍ക്ക് നല്‍കും.ഡോ. കെ.പി. മനോജിന് കായികവകുപ്പ് ഡയറക്ടറായി പ്രമോഷന്‍ നല്‍കിയതിലെ അപാകത അടുത്ത യോഗത്തില്‍ വി.സി റിപ്പോര്‍ട്ട് ചെയ്യും.

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള കലോത്സവവും കായികമത്സരങ്ങളും ജനുവരിയില്‍ നടത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സ്‌റ്റേജിതര മത്സരങ്ങള്‍ ജനുവരി ഒമ്പതിന് നടത്തും. 11, 12 തീയതികളിലാണ് സ്‌പോര്‍ട്‌സ്. 13, 14 തീയതികളില്‍ സ്‌റ്റേജ് കലാമത്സരങ്ങളും അരങ്ങേറും. സര്‍വകലാശാലാ കാമ്പസില്‍ തന്നെയാകും മത്സരങ്ങള്‍ നടത്തുക. ഈ മാസം 21-ന് സംഘാടകസമിതി യോഗം ചേരും. 15 ലക്ഷം രൂപ മത്സരങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *