പെരിന്തല്‍മണ്ണ: കാറില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 14 കുപ്പി വിദേശമദ്യവുമായി എക്സെസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. ഏലംകുളം പാണ്ടിയാട്ടില്‍ ജയചന്ദ്രനെ(37)യാണ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍പ്പന നടത്തുന്നതിനിടെ പിടികൂടിയത്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ചുള്ള പ്രത്യേക വാഹന പരിശോധനയിലാണ് പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്. രാജേഷും സംഘവും ഇയാളെ പിടികൂടിയത്.
ഏലംകുളം, മുതുകുറുശി, ചെറുകര ഭാഗങ്ങളില്‍ ഏറെ നാളുകളായി മദ്യവില്‍പ്പന നടത്തിവരികയായിരുന്നു ജയചന്ദ്രന്. ഇയാളെക്കുറിച്ച് പ്രദേശവാസികളില്‍നിന്നു പരാതിയുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഏലംകുളം – മുതുകുറിശി മേഖലകളില്‍ എക്സൈസ് നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. ഓഫീസര്‍മാരായ യു. കുഞ്ഞാലന്‍കുട്ടി, കെ. മനോജ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്. മുഹമ്മദ് റിയാസ്, കെ. നിപുണ്‍, ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.



