ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തില്‍ ഇടംപിടിച്ച് തദ്ദേശീയ നായ് ഇനമായ മുദോള്‍ ഹണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന എസ്.പി.ജിയുടെ ഡോഗ് സ്‌ക്വാഡില്‍ ആദ്യമായാണ് തദ്ദേശീയ ഇനം നായ്ക്കള്‍ സ്ഥാനം പിടിക്കുന്നത്.
നേരത്തേ തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി ”മന്‍ കീ ബാത്തി”ല്‍ മുദോള്‍ ഹണ്ടുകളുടെ കാര്യക്ഷമത പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ഏപ്രിലില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള എസ്.പി.ജി. സംഘം കര്‍ണാടകയിലെ തിമ്മാപ്പൂരിലുള്ള കാനി റിസേര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു.
ഏപ്രില്‍ 25 ന് ഇവിടെനിന്ന് രണ്ടു മാസം പ്രായമായ രണ്ട് മുദോള്‍ ഹണ്ട് നായ്ക്കുട്ടികളെ എസ്.പി.ജി. പരിശീലന കേന്ദ്രത്തിലേക്കു കൊണ്ടു പോയി. നിലവില്‍ ഇവയുടെ പരിശീലനം പുരോഗമിക്കുകയാണ്. രാജപ്പാളയം (തമിഴ്നാട്), രാംപുര്‍ ഗ്രേഹണ്ട് (യു.പി.) എന്നീ തദ്ദേശീയ ഇനങ്ങളെയും എസ്.പി.ജി. ഡോഗ് സ്‌ക്വാഡിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ കര്‍ണാടകയില്‍നിന്നുള്ള മുദോള്‍ ഹണ്ടുകള്‍ക്ക് നറുക്കു വീഴുകയായിരുന്നു. മെലഞ്ഞ് ഉയരം കൂടിയ മുദോള്‍ ഹണ്ടുകളുടെ തല നന്നെ ചെറുതാണ്. വേട്ടനായ്ക്കളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുദോള്‍ ഹണ്ടുകള്‍ക്കു രാജ്യാന്തര രംഗത്തും ഏറെ പ്രിയമുണ്ട്. രാജഭരണ കാലത്ത് ഇവയെ വ്യാപകമായി വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നു. 72 സെന്റിമീറ്റര്‍ വരെ ഉയരം വയ്ക്കുന്ന മുദോള്‍ ഹണ്ടിന് പരമാവധി 22 കിലോഗ്രാം മാത്രമേ തൂക്കം വയ്ക്കൂ. മണം പിടിക്കാനുള്ള വൈദഗ്ധ്യത്തിനു പുറമേ ദീര്‍ഘനേരം തളര്‍ച്ചയില്ലാതെ ഓടാനും ഇവര്‍ക്ക് സാധിക്കും. എസ്.പി.ജി. ഡോഗ് സ്‌ക്വാഡിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തരം ഗുണങ്ങളെല്ലാം പരിഗണിക്കപ്പെട്ടു.



