റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരിഗണനാര്‍ഹമല്ല: ഗുജറാത്ത് കലാപ ഗൂഢാലോചന കേസ് ഹര്‍ജി സുപ്രീം കോടതി തള്ളി

June 25, 2022 - 11:49 am

ന്യൂഡല്‍ഹി: ആയിരത്തോളം പേരുടെ മരണത്തിനിടയാക്കിയ 2002ലെ ഗുജറാത്ത് കലാപത്തിനു പിന്നിലെ വന്‍ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണനാര്‍ഹമല്ലെന്നു കാട്ടി സുപ്രീം കോടതി തള്ളി.കലാപസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 64 പേരെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് മുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘ(എസ്.ഐ.ടി.)ത്തിന്റെ അന്തിമറിപ്പോര്‍ട്ട് സ്വീകരിച്ച ഗുജറാത്ത് കോടതി നടപടിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് തള്ളിയത്.സാക്കിയ ജാഫ്രിയും സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദും നല്‍കിയ ഹര്‍ജിയില്‍ ഡിസംബറില്‍ വാദം പൂര്‍ത്തിയാക്കിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരുന്നു.

കലാപത്തിനിടെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊെസെറ്റിയില്‍ കൂട്ടക്കൊലയ്ക്ക് ഇരയായ 69 പേരില്‍ സാക്കിയയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ ഇഹ്സാന്‍ ജാഫ്രിയും ഉള്‍പ്പെട്ടിരുന്നു. കലാപത്തിനു പിന്നില്‍ വലിയ ഗൂഢാലോചന ആരോപിച്ചുകൊണ്ട് 30 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2006ല്‍ സാക്കിയ പരാതി നല്‍കിയിരുന്നു. കലാപക്കേസുകളിലെ അന്വേഷത്തിന് മേല്‍നോട്ടം വഹിച്ച സുപ്രീം കോടതി ആരോപണങ്ങളില്‍ പുനരന്വേഷണത്തിന് 2011ല്‍ എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിരുന്നു.

2012ല്‍ എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2018ല്‍ സുപ്രീം കോടതിയെ സമീപിക്കും മുമ്പ് പരാതിക്കാര്‍ റിപ്പോര്‍ട്ടിനെതിരേ വിചാരണക്കോടതിയെയും ഗുജറാത്ത്‌ െഹെക്കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഫലം പ്രതികൂലമായിരുന്നു. 2002 ഫെബ്രുവരിയില്‍ മോദി അധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു ഗൂഢാലോചന നടന്നതെന്ന് തര്‍ക്കരഹിതമായി തെളിയിക്കുന്ന വസ്തുകളില്ലെന്ന എന്ന എസ്.ഐ.ടി. കണ്ടെത്തല്‍ ചോദ്യം ചെയ്യുന്നില്ല എന്നായിരുന്നു പരാതിക്കാരുടെ നിലപാട്. മുന്‍ പോലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മോദിക്കെതിരേയുള്ള ആരോപണങ്ങള്‍ എന്നായിരുന്നു പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ വാദം. എന്നാല്‍, സഞ്ജീവ് ഭട്ട് ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല എന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ മറ്റൊരു വഴിയുമില്ല എന്നുമായിരുന്നു എസ്.ഐ.ടിയുടെ തീര്‍പ്പ്.

ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, പോലീസ്, ഭരണകക്ഷിയായ ബി.ജെ.പിയുടെ സഹോദരപ്രസ്ഥാനങ്ങളായ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദള്‍ എന്നിവയടക്കമുള്ളവയ്ക്ക് ഗൂഢാലോചനയുമായി ബന്ധമുണ്ടെന്ന് കപില്‍ സിബല്‍ വാദിച്ചു. കലാപത്തിലെ പങ്കിനെപ്പറ്റി പലരും വെളിപ്പെടുത്തുന്ന തെഹല്‍ക്ക മാഗസിന്റെ ഒളിക്യാമറ ഓപ്പറേഷനിലെ കണ്ടെത്തലുകളും എസ്.ഐ.ടി. അന്വേഷിച്ചില്ലെന്ന് കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, ഗൂഢാലോചനക്കേസില്‍ പുനരന്വേഷണം നടത്തുന്നതിനെ എതിര്‍ത്ത എസ്.ഐ.ടി. അങ്ങനെ ചെയ്താല്‍ നിലവില്‍ വിചാരണക്കോടതികളുടെ പരിഗണനയിലിരിക്കുന്ന കലാപക്കേസുകളേയും ഉന്നതകോടതികളുടെ പരിഗണനയിലുള്ള അപ്പീലുകളേയും ബാധിക്കുമെന്ന് വാദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *