16 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ശിവസേന

മുംബൈ: വിമതപക്ഷത്തുള്ള 16 ശിവസേനാ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം ഡപ്യൂട്ടി സ്പീക്കര്‍ക്കു കത്തുനല്‍കി. വിമത എം.എല്‍.എമാര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്നും മഹാവികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ കൂറുമാറ്റത്തിനു കളമൊരുക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. 16 എം.എല്‍.എമാര്‍ക്കുമെതിരേ ഡപ്യൂട്ടി സ്പീക്കര്‍ ഇന്നു നോട്ടീസ് അയച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. നോട്ടീസ് ലഭിച്ചാല്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണു സൂചന. പാര്‍ട്ടിക്കും ചിഹ്നത്തിനും അവകാശമുന്നയിച്ച് വിമതര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും സാധ്യതയുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യം നടപ്പാക്കുന്നതിനായി എം.എല്‍.എമാര്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായെന്നു ഡപ്യൂട്ടി സ്പീക്കര്‍ക്കുള്ള കത്തില്‍ ശിവസേന ആരോപിക്കുന്നു. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരേ നീങ്ങി. ചൊവ്വാഴ്ചയും ബുധനാഴ്ചയും പാര്‍ട്ടി വിളിച്ച യോഗങ്ങളില്‍നിന്നു ബോധപൂര്‍വം വിട്ടുനിന്നു. കൂറുമാറ്റം എന്ന ഭരണഘടനാപരമായ പാപം ചെയ്തെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്നു ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചതില്‍ പകയുള്ള ബി.ജെ.പി. പാര്‍ട്ടിയെ പിളര്‍ത്താനും മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാനും നീക്കം നടത്തുകയാണെന്നും ശിവസേന ആരോപിച്ചു.

Share
അഭിപ്രായം എഴുതാം