വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

കൊളംബോ: നാലുവട്ടം പ്രധാനമന്ത്രിയായിട്ടുണ്ടെങ്കിലും ശ്രീലങ്കയില്‍ പ്രധാനമന്ത്രി വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. അദ്ദേഹം നയിക്കുന്ന യുെണെറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് 225 അംഗ പാര്‍ലമെന്റില്‍ ഒരു സീറ്റ് മാത്രമേയുള്ളൂ എന്നതാകും പ്രധാന വെല്ലുവിളി.

മന്ത്രിസഭാംഗങ്ങളെയെല്ലാം മറ്റ് പാര്‍ട്ടികളില്‍നിന്നു കണ്ടെത്തണം. സ്വതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള 74 വര്‍ഷത്തില്‍ 38 വര്‍ഷവും ഭരിച്ച യു.എന്‍.പിയാണു ഇപ്പോള്‍ ഏകഅംഗത്തിന്റെ ബലത്തില്‍ രാജ്യത്തെ നയിക്കാനെത്തുന്നത്. രാജപക്സെ കുടുംബത്തിന്റെയും പഴയ ശിഷ്യന്‍ സജിത് പ്രേമദാസെയുടെയും സമ്മര്‍ദത്തിന്റെ നടുവിലാണു വിക്രമസിംഗെ. 2018 ലെ വിക്രമസിംഗെ സര്‍ക്കാരില്‍ സാംസ്‌കാരികമന്ത്രിയായിരുന്നു സജിത്. 2019 ലാണ് അദ്ദേഹം പാര്‍ട്ടി പിളര്‍ത്തി എസ്.ജെ.ബി.സ്ഥാപിച്ചത്. മുതിര്‍ന്ന നേതാക്കള്‍ വിക്രമസിംഗെയ്ക്കൊപ്പം ഉറച്ചുനിന്നപ്പോള്‍ പാര്‍ട്ടിയിലെ പുതുതലമുറ മുന്‍ പ്രസിഡന്റ് ആര്‍. പ്രേമദാസയുടെ മകനായ സജിത്തിനൊപ്പം പോയി. തെരഞ്ഞെടുപ്പില്‍ 41.99 വോട്ട് നേടി എസ്.ജെ.ബി. മുഖ്യപ്രതിപക്ഷമായി. യു.എന്‍.പി. തകര്‍ന്നടിയുകയും ചെയ്തു. ഗോട്ടബയ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നാണു സജിത് പ്രേമദാസെയുടെ നിലപാട്. എന്നാല്‍, രാജപക്സെകളെക്കൂടി അംഗീകരിച്ചുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണു വിക്രമസിംഗയ്ക്ക്. പ്രധാനമന്ത്രിയായിരുന്ന മഹീന്ദ രാജപക്സെ, സഹോദരന്മാരായ ബേസില്‍, ചമല്‍ എന്നിവര്‍ ഇപ്പോള്‍ കളത്തിനു പുറത്താണ്.

നിയമനടപടികളില്‍ നിന്നുള്ള സംരക്ഷണമാണു മഹീന്ദയ്ക്കും കൂട്ടര്‍ക്കും പ്രധാനമായി വേണ്ടത്. സ്ഥാനമൊഴിയില്ലെന്നാണു ഗോട്ടബയയുടെ നിലപാട്. എന്നാല്‍, അധികാരത്തിനായി ”എന്തു വിട്ടുവീഴ്ചയ്ക്കും” തയാറാണെന്ന് അദ്ദേഹം അറിയിച്ചുകഴിഞ്ഞു.

Share
അഭിപ്രായം എഴുതാം