റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: പ്രതീക്ഷകള്‍ അസ്ഥാനത്താക്കി പണപ്പെരുപ്പം കുതിച്ചുകയറുന്നതു ധനനയത്തിലടക്കം റിസര്‍വ് ബാങ്കിനെ കടുത്ത നടപടികളിലേക്കു നീങ്ങാന്‍ പ്രേരിപ്പിക്കുമെന്നു റിപ്പോര്‍ട്ട്. ചില്ലറ വില്‍പ്പന സൂചികയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ ഏഴു ശതമാനത്തിനരികിലെത്തിയതു കേന്ദ്ര ബാങ്കിനെ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നു സൂചന.

ഏതാനും മാസങ്ങളായുള്ള ധനനയ അവലോകന യോഗങ്ങളില്‍ വികസനത്തിനും വളര്‍ച്ചയ്ക്കും മുന്‍തൂക്കം നല്‍കിയുള്ള തീരുമാനങ്ങളാണ് റിസര്‍വ് ബാങ്ക് കൈക്കൊണ്ടിരുന്നത്. പണപ്പെരുപ്പം ഉയരുന്നതു ക്ഷണികമാണെന്ന വിലയിരുത്തലും റിസര്‍വ് ബാങ്കിനുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ യോഗത്തില്‍ നിലപാടുമാറ്റത്തിന്റെ സൂചനകള്‍ പ്രകടമായി. പണപ്പെരുപ്പ നിരക്കിലെ കുതിപ്പ് നിയന്ത്രിക്കാനുള്ള ഉദ്യമങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന സമീപനമായിരുന്നു റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നതിന്റെ ചെറിയ സൂചനകള്‍ പുറത്തുവന്നു. എന്നാല്‍ മാര്‍ച്ചിലെ ചില്ലറവില്‍പ്പന സൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പത്തോത് നടപടികള്‍ക്കു വേഗംകൂട്ടാനുള്ള മുന്നറിയിപ്പായി.

ഉപഭോക്തൃ വില സൂചിക (സി.പി.ഐ)യെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 6.95 ശതമാനത്തിലെത്തിയത് അപായമണിയാണെന്ന് ധനകാര്യവിദഗ്ധര്‍ വിലയിരുത്തുന്നു. പതിനേഴു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യോത്പന്ന, എണ്ണ വിലയിലെ വര്‍ധനയാണ് കുതിപ്പിനു പ്രധാനകാരണം. ഫെബ്രുവരിയിലെ 6.07 ശതമാനത്തില്‍നിന്നാണ് ഇപ്പോഴത്തെ വര്‍ധന. ഫെബ്രുവരിയില്‍ 5.85 ശതമാനമായിരുന്ന ഭക്ഷ്യോത്പന്ന വില സൂചികയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം 7.68 ശതമാനമായതും ആശങ്ക ഇരട്ടിയാക്കുന്നു. ഇന്ധനം, മത്സ്യം, മാംസം, ക്ഷീരോത്പന്നങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഭവനനിര്‍മാണ സാമഗ്രികള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവയ്ക്കെല്ലാം ഒരുമാസത്തെ ഇടവേളയില്‍ വില വര്‍ധിച്ചത് പണപ്പെരുപ്പനിരക്കിനു റോക്കറ്റ് വേഗം കൈവരാന്‍ വഴിവച്ചു.

രണ്ട്-ആറ് ശതമാന പരിധിക്കുള്ളില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തണമെന്ന ആര്‍.ബി.ഐയുടെ അനുമാനം തകിടംമറിക്കുന്നതായിരുന്നു വര്‍ധന. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര എണ്ണവിലയിലെ മാറ്റത്തിന്റെ പ്രഭാവം പൂര്‍ണമായും പ്രതിഫലിക്കാതിരുന്നിട്ടും മാര്‍ച്ചിലെ പണപ്പെരുപ്പത്തോത് ആര്‍.ബി.ഐയെ ആശങ്കപ്പെടുത്തുന്നു. നാലുമാസമായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവില മാര്‍ച്ച് 22 നു ശേഷമാണ് വര്‍ധിച്ചു തുടങ്ങിയത്. ഇതിന്റെ അനന്തരഫലമായി ഇതുവരെ ഡീസല്‍, പെട്രോള്‍ വിലയില്‍ പത്തുരൂപയോളം കൂടി. ഭക്ഷ്യസാമഗ്രികളുടെ വിലക്കയറ്റത്തിനടക്കം വഴിവയ്ക്കുന്ന സാഹചര്യത്തിനുമുമ്പുള്ള മാസം പണപ്പെരുപ്പം ഈവിധം കുതിച്ചുയര്‍ന്നത് റിസര്‍വ് ബാങ്കിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *