റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം 31 പാക് ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് പ്രമേയം സഭയുടെ മേശപ്പുറത്തുവച്ചു. തുടര്‍ന്നു 161 എം.എന്‍.എമാരുടെ പിന്തുണയോടെ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്നു ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം ഖാന്‍ സൂരി അറിയിച്ചു. പ്രമേയത്തിന്മേലുള്ള ചര്‍ച്ച 31 നു െവെകിട്ട് നാലിനു നടക്കും. അതേ സമയം, ഭരണകക്ഷിയായ പി.ടി.ഐയില്‍നിന്നു കൂറുമാറിയ 24 എം.എന്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം പാക് സുപ്രീം കോടതി തള്ളി. പാക് അറ്റോണി ജനറല്‍ ഖാലിദ് ജാവേദ് ഖാനാണു കോടതിയെ സമീപിച്ചത്. അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്യാത്ത സാഹചര്യത്തില്‍ അവരെ അയോഗ്യരാക്കാനാകില്ലെന്നു ചീഫ് ജസ്റ്റിസ് ഉമര്‍ അതാ അന്ദിയാലിന്റെ ബെഞ്ച് നിരീക്ഷിച്ചു. കൂറുമാറിയെന്ന ആരോപണത്തിന്റെ പേരില്‍ എം.എന്‍.എമാരെ ആജീവനാന്തം അയോഗ്യരാക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍, പാര്‍ട്ടി നയം ലംഘിച്ചാല്‍ നടപടി നേരിടേണ്ടി വരും. എം.എന്‍.എമാര്‍ കോഴ വാങ്ങി കൂറുമാറിയെന്ന ആരോപണം ഉചിതമായ വേദിയില്‍ തെളിയിക്കാനും കോടതി നിര്‍ദേശിച്ചു. കോടതി വിധിക്കു പിന്നാലെ രണ്ട് ഘടകകക്ഷികള്‍ കൂടി ഇമ്രാന്‍ ഖാനെ കൈവിട്ടു. പാകിസ്താന്‍ മുസ്ലിംലീഗ്(ക്യൂ), ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി എന്നിവയാണു ഭരണസഖ്യം വിട്ടത്.

ഇതോടെ ഇമ്രാന്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായി. അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഒത്തുതീര്‍പ്പു നീക്കങ്ങള്‍ക്കു ഭരണകക്ഷിയായ പി.ടി.ഐ. തുടക്കമിട്ടിട്ടുണ്ട്. പാര്‍ട്ടിയിലെ ചേരിപ്പോരിനു പ്രധാന കാരണങ്ങളിലൊന്നായ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം ചൗധരി പര്‍വേശ് ഇലാഹിക്ക് നല്‍കി. പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദാറിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിതിനു പിന്നാലെയാണു സ്പീക്കറായിരുന്ന ഇലാഹിയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിയോഗിച്ചത്. ബസ്ദാര്‍ ഇന്നലെ വൈകിട്ട് ഇമ്രാന്‍ ഖാനു രാജിക്കത്ത് നല്‍കി.

പി.എം.എല്‍(ക്യൂ) ഭരണ സഖ്യംവിട്ടതോടെ പാകിസ്താനിലെ മുസ്ലിംലീഗുകള്‍ ലയനത്തിനു നീക്കം തുടങ്ങി. പി.എം.എല്‍(നവാസ്) നേതാക്കള്‍ പി.എം.എല്‍(ക്യൂ) നേതാക്കളുമായി ചര്‍ച്ച നടത്തി. പി.എം.എലി(എന്‍)ന് 84 എം.എന്‍.എമാരും പി.എം.എലി(ക്യൂ)ന് അഞ്ച് എം.എന്‍.എമാരുമാണുള്ളത്. പി.എം.എല്‍(എന്‍) നിര്‍ദേശം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്നു പാര്‍ട്ടി നേതാവ് താരിഖ് ബഷീര്‍ ചീമ അറിയിച്ചു. ചര്‍ച്ച തുടരുമെന്നും ഇരുപക്ഷവും അറിയിച്ചു. ചര്‍ച്ചയ്ക്കു പിന്നാലെ ഇമ്രാന്‍ മന്ത്രിസഭയില്‍നിന്നു ചീമ രാജിവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *