റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും 50 വര്‍ഷത്തേക്കുള്ള കരാറൊപ്പിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ വകുപ്പുമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സമാധാനം, സംസ്‌കാരം, വികസനം എന്നിവയില്‍ ശ്രദ്ധയൂന്നുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമാണ് ഈ ചരിത്രദിവസമെന്നു ഷാ പറഞ്ഞു. അസം, മേഘാലയ സംസ്ഥാനങ്ങളുടെ 884.9 കിലോമീറ്റര്‍ അതിര്‍ത്തിയിലെ 12 പ്രദേശങ്ങളിലാണു തര്‍ക്കം നിലനില്‍ക്കുന്നത്. ഇതില്‍ ആറിടത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ആദ്യഘട്ടം കരാറിലുള്ളത്. ഇതോടെ അതിര്‍ത്തിത്തര്‍ക്കത്തില്‍ 70 ശതമാനവും പരിഹരിക്കപ്പെട്ടതായി അമിത് ഷാ പറഞ്ഞു. ആറു തര്‍ക്കപ്രദേശങ്ങളിലെ 36 ഗ്രാമങ്ങളിലായി 36.79 ചതുരശ്ര കിലോമീറ്ററില്‍ കരാര്‍ ബാധകമാകും. കരാര്‍പ്രകാരം 18.51 ചതുരശ്ര കി.മീ. പ്രദേശം അസമിന്റെയും 18.28 ചതുരശ്ര കി.മീ. മേഘാലയയയുടേയും നിയന്ത്രണത്തിലാകും. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തര്‍ക്കം പരിഹരിക്കാമെങ്കില്‍ എന്തുകൊണ്ടു രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ ആയിക്കൂടാ എന്നതായിരുന്നു മോദിയുടെയും ഷായുടെയും നിലപാടെന്നു സാങ്മ ചൂണ്ടിക്കാട്ടി. ഇരുമുഖ്യമന്ത്രിമാരും കഴിഞ്ഞ ജനുവരി 31-നു ധാരണാപത്രത്തിന്റെ കരടുരൂപം കേന്ദ്ര ആഭ്യന്തരമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. മന്ത്രാലയം ഇതു വിശദമായി പരിശോധിച്ചശേഷമാണ് ചൊവ്വാഴ്ച ധാരണാപത്രം ഒപ്പിട്ടത്. അസമില്‍നിന്നു വേര്‍പെടുത്തി, 1972-ല്‍ മേഘാലയ സംസ്ഥാനം രൂപീകരിച്ചതു മുതല്‍ നിലനില്‍ക്കുന്നതാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *