റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പയ്യന്നൂരിൽ സിപിഎം ഫണ്ട് പിരിവുകളിൽ ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നതായി ആരോപണം.

February 27, 2022 - 10:24 am

കണ്ണൂർ: പയ്യന്നൂരിൽ സിപിഎമ്മിന്റെ 2 ഫണ്ട് പിരിവുകളിലായി ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നുവെന്ന ആരോപണം വിവാദത്തിലേക്ക്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ട് എന്നിവയിൽ തിരിമറി നടന്നതായാണ് ആരോപണം. ഇതിൽ, തിരഞ്ഞെടുപ്പു ഫണ്ടിലെ തിരിമറി മറയ്ക്കാൻ വ്യാജരേഖ ഹാജരാക്കിയതായും വിവരമുണ്ട്. വർഷങ്ങൾക്കു മുൻപു നടന്ന പാർട്ടി ഓഫിസ് നിർമാണ ഫണ്ടിലെ തിരിമറി, പാർട്ടിയുടെ തന്നെ ഓഡിറ്റിലാണു കണ്ടെത്തിയത്.

പയ്യന്നൂരിലെ ഒരു വിഭാഗം നേതാക്കൾ ജില്ലാ കമ്മിറ്റിക്കു പരാതി നൽകിയതിന്റെയും പയ്യന്നൂരിൽ മേഖലയിലെ സിപിഎം സമ്മേളനങ്ങളിൽ വ്യാപകമായി ആക്ഷേപം ഉയർന്നതിന്റെയും അടിസ്ഥാനത്തിൽ ഫണ്ട് തിരിമറി ആരോപണങ്ങൾ അന്വേഷിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.വി.ഗോപിനാഥ് എന്നിവരടങ്ങിയ കമ്മിഷനെ സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ചിരിക്കുകയാണ്.ഏരിയ കമ്മിറ്റി ഓഫിസ് ധനസമാഹരണത്തിനു വേണ്ടി സിപിഎം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായും ഒരു നറുക്കിനു വേണ്ടി പിരിച്ചെടുത്ത തുക പൂർണമായി ചിട്ടിക്കണക്കിൽപ്പെടുത്തിയില്ലെന്നുമാണ് ആരോപണം.

2 രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതിരുന്നതോടെയാണു തിരഞ്ഞെടുപ്പു ഫണ്ട് പിരിവിലെ തിരിമറി പാർട്ടിയുടെ ചില നേതാക്കളുടെ ശ്രദ്ധയിൽ വന്നത്. കൗണ്ടർ ഫോയിലുകൾ ഹാജരാക്കാൻ നിർദേശിച്ചപ്പോൾ 2 രസീത് ബുക്കുകൾ ഹാജരാക്കിയെങ്കിലും അവ സ്വകാര്യ പ്രസിൽ അച്ചടിച്ചവയായിരുന്നുവെന്നു വ്യക്തമായി. പാർട്ടിയുടെ പിരിവിനു സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ പ്രസിൽ അച്ചടിച്ച രസീത് ബുക്കുകളാണ് സാധാരണ ഉപയോഗിക്കാറ്. രസീത് ബുക്ക് അച്ചടിക്കാൻ നിർദേശിച്ചതാരാണെന്നു സ്വകാര്യ പ്രസിലെ ജീവനക്കാരൻ അന്വേഷണ കമ്മിഷനു മൊഴി നൽകിയതായാണറിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *