റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

40 വർഷം ‘ഒളിവിൽ’ കഴിഞ്ഞ അളളുങ്കൽ ശ്രീധരൻ എന്ന പഴയ വിപ്ലവകാരി യാത്രയായി

February 27, 2022 - 9:24 am

നെടുങ്കണ്ടം: നക്സലൈറ്റ് നേതാക്കളായിരുന്ന വർഗീസിനും അജിതയ്ക്കുമൊപ്പം വയനാട്ടിലെ പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്ത അള്ളുങ്കൽ ശ്രീധരൻ (88) 40 വർഷം കമ്യൂണിസ്റ്റുകാരനായിത്തന്നെ ‘ഒളിവിൽ’ കഴിഞ്ഞ ശേഷം യാത്രയായി. നിരപ്പേൽ തങ്കപ്പൻ എന്നു പേരുമാറ്റി സിപിഎം പ്രവർത്തനവും കൃഷിയുമായി ഇടുക്കിയിൽ ജീവിച്ചുവരികയായിരുന്നു. പഴയ വിപ്ലവകാരിയാണു താൻ എന്ന വിവരം ഇടുക്കിയിൽ ഏറ്റവും വിശ്വസ്തരായ രണ്ടു പേരെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. മരണശേഷം മാത്രമേ ഇക്കാര്യം പുറത്തുവിടാവൂ എന്നും പറഞ്ഞേൽപിച്ചിരുന്നു. 2022 ഫെബ്രുവരി 24 വ്യാഴാഴ്ച പാതിരാത്രി തങ്കപ്പൻ മരിച്ചതിനെത്തുടർന്നു വിശ്വസ്ത സഖാക്കൾ വിവരം അജിതയെ അറിയിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടു നിന്ന് അജിത അയച്ച സന്ദേശം തങ്കപ്പന്റെ സംസ്കാരത്തിനിടെ വായിച്ചപ്പോൾ മാത്രമാണു നാട്ടുകാരറിഞ്ഞത്.

1968 നവംബർ 24ന് പുലർച്ചെ, വയനാട് പുൽപള്ളിയിലെ എംഎസ്പി ക്യാംപ് ആക്രമിച്ച നക്സൽ സംഘത്തിൽ അജിത, വർഗീസ്, ഫിലിപ് എം. പ്രസാദ് തുടങ്ങിയവർക്കൊപ്പം ശ്രീധരനും ഉണ്ടായിരുന്നു. പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച ശേഷം മറ്റൊരു കേസിലും ശിക്ഷ ലഭിച്ചു. അതിനെതിരായ അപ്പീൽ തള്ളിയതോടെ ഇടുക്കിയിലേക്കു കടക്കുകയായിരുന്നു. ആദ്യം തോട്ടങ്ങളിൽ കൂലിപ്പണിയെടുത്തു. പിന്നീട് സ്ഥലം വാങ്ങി ഏലക്കൃഷി നടത്തി ജീവിക്കുകയായിരുന്നു. അതിനിടെ വിവാഹവും കഴിച്ചു. ഏതാനും വർഷം മുൻപു വരെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളുമായി വീട്ടിൽ വിശ്രമത്തിലിരിക്കെയാണു മരണം. സിപിഎം പാറത്തോട് ലോക്കൽ സെക്രട്ടറി ജിജി വർഗീസാണു മരണവിവരം അജിതയെ വിളിച്ചറിയിച്ചത്. ഇന്നലെ രാവിലെ മാവടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതിനിടെ, അജിതയുടെ വാട്സാപ് സന്ദേശം ജിജി വായിച്ചു. അജിതയുടെ ശബ്ദസന്ദേശം മൈക്കിലൂടെ നാട്ടുകാരെ കേൾപ്പിക്കുകയും ചെയ്തു. പുൽപള്ളി ആക്രമണത്തിൽ വിപ്ലവകാരികളോടൊപ്പം പങ്കെടുത്ത ധീരസഖാവായിരുന്നു അള്ളുങ്കൽ ശ്രീധരൻ എന്നു കുറിപ്പിൽ അജിത അനുസ്മരിച്ചു. സിപിഎം പതാക പുതപ്പിച്ച് അന്ത്യോപചാരം നൽകിയായിരുന്നു സംസ്കാരം. സുമതിയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: അഭിലാഷ്, അനിത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *