കൊച്ചി: അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നതു വിലക്കി സർക്കാർ എന്തുകൊണ്ടാണ് സർക്കുലർ ഇറക്കാത്തതെന്ന് കോടതി വാക്കാൽ ചോദിച്ചു. എറണാകുളത്ത് മേനക ജംഗ്ഷനിൽ കഴിഞ്ഞ ദിവസം അനധികൃത കൊടിമരം നാട്ടിയ സംഭവം കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു..കൊടിയുടെ നിറം നോക്കാതെ നടപടി വേണം.ഇത്തരം കൊടിമരങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ വ്യക്തമാക്കി നിരവധി ഡ്രൈവർമാർ കോടതിക്ക് കത്തെഴുതുന്നുണ്ടെന്നും സിംഗിൾബെഞ്ച് പറഞ്ഞു
പൊതുവഴികളിലെയും പാതയോരങ്ങളിലെയും അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി സർവ കക്ഷിയോഗം വിളിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. രാഷ്ട്രീയപ്പാർട്ടികൾ മാത്രമല്ല, മതസ്ഥാപനങ്ങളും സംഘടനകളുമൊക്കെ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സമവായം അനിവാര്യമായതിനാലാണ് യോഗം വിളിക്കുന്നതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി.അഡ്വക്കേറ്റ് ജനറൽ അശോക്.എം ചെറിയാൻ വിശദീകരിച്ചു. മുഖ്യമന്ത്രി ഇത്തരമൊരു നടപടി സ്വീകരിച്ചത് അഭിനന്ദനാർഹമാണെന്ന് അഭിപ്രായപ്പെട്ട സിംഗിൾബെഞ്ച് ഹർജി 2020 ഡിസംബർ 20 ലേക്ക് മാറ്റി.
പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിനു മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്.അനധികൃത കൊടിമരങ്ങൾ നീക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ സിംഗിൾബെഞ്ച് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഹർജിക്കാരുടെ വിഷയത്തിൽ നാലു പേർക്കെതിരെ കേസെടുത്തതായി സർക്കാർ അറിയിച്ചു.



