കൊച്ചി: കടയ്ക്കാവൂരില്‍ 14 കാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്കു ജാമ്യം നല്‍കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍.
യുവതിയുടെ മൊബൈല്‍ ഫോണില്‍നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. കുട്ടിയ്ക്ക് ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടി മൊഴി നല്‍കിയിരുന്നു. ഈ മരുന്നുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു
പരാതി വെറും കുടുംബപ്രശ്നം മാത്രമാണെന്നു പറഞ്ഞ് അവഗണിക്കാനാവില്ല
മകന്റെ മൊഴിയില്‍ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഹൈകോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേസ് ഡയറി ഹാജരാക്കാന്‍ ഹൈകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പ്രോസിക്യൂഷനു നിര്‍ദേശം നല്‍കിയിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക.
നെയ്യാറ്റിന്‍കര പോക്സോ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണു കുട്ടിയുടെ മാതാവ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും നാലു കുട്ടികളുടെ മാതാവായ തന്നെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു വെന്നും പിന്നീട് വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്.
തന്റെ മാതൃത്വത്തെ അവഹേളിക്കുന്നതാണ് ഈ കേസ്. തനിക്ക് ജീവനാംശം ലഭിക്കുന്നതിനും കുഞ്ഞുങ്ങളുടെ ചെലവിനും പണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു മക്കളെ മൂന്നു പേരെയും തന്നില്‍ നിന്നു പിടിച്ചു കൊണ്ടു പോയത്. പിന്നീട് മകനെ ഉപയോഗിച്ച് വ്യാജ പരാതി നൽകുകയായിരുന്നുവെന്നും യുവതി പറയുന്നു




