മുംബൈ: വിവാഹ വാഗ്ദാനം നൽകി പൈലറ്റായ യുവാവ്
ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് സീരിയൽ നടി പരാതി നൽകി. മുംബൈ സ്വദേശിനിയായ മോഡലും സീരിയല്‍ താരവുമായ യുവതിയാണ് പരാതി നൽകിയത്. സബര്‍ബന്‍ മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.
2020 ഡിസംബറില്‍ ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഭോപ്പാല്‍ സ്വദേശിയായ പൈലറ്റിനെ പരിചയപ്പെട്ടത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ചു. ഒരാഴ്ച മുന്‍പ് പ്രതി തന്നെ വിളിച്ചു നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് സീരിയൽ നടി പരാതിയില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് യുവതി ഇയാളെ മുംബൈയിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെ എത്തിയ യുവാവ് തന്നെ ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതിയിൽ പറയുന്നത്.
വിവാഹം ഉടൻ നടക്കുമെന്നും വിശ്വസിപ്പിച്ചു. പിന്നീട് വാക്ക് പാലിക്കാന്‍ പ്രതി തയ്യാറാവാതെ വന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




