റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നാക്ക സംവരണം വോട്ടായില്ലെന്ന് സി പി എം വിലയിരുത്തൽ, നായർ, ഈഴവ വിഭാഗങ്ങൾക്കിടയിൽ ബിജെപി സ്വാധീനം വർദ്ധിച്ചെന്നും പാർട്ടി

January 3, 2021 - 11:19 am

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുന്നാക്ക സംവരണം എൽഡിഎഫിന് നേട്ടമാക്കാനായില്ലെന്ന് സി പി എം വിലയിരുത്തൽ. നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായെന്നും പാർട്ടി സംസ്ഥാന സമിതി വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിക്കെതിരായ ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ടുവര്‍ധന ഉണ്ടായില്ലെന്നും സി പി എം വിലയിരുത്തി. രണ്ടു ദിവസമായി തിരുവനന്തപുരം എകെജി സെന്ററില്‍ നടക്കുന്ന യോഗം ഞായറാഴ്ച(03/01/21) സമാപിക്കും.

സാമുദായിക വോട്ടുകള്‍ സംബന്ധിച്ച കണക്കുകളിലാണ് നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയിലെ ബിജെപി സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്ന കണ്ടെത്തല്‍. നായര്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിപ്പിക്കാനായില്ല. മുന്നാക്ക സംവരണവും ഗുണം ചെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈഴവ സമുദായാംഗങ്ങളും ബിജെപിയും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുന്നതിന് ബിഡിജെഎസ് സാന്നിധ്യം സഹായകരമായി. തൊടുപുഴ അടക്കം ഇടുക്കിയിലെ പല പ്രദേശങ്ങളിലേയും വോട്ടിംഗില്‍ ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നും സംസ്ഥാന സമിതി വിലയിരുത്തി. വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം തുടങ്ങി നിരവധി സ്വാധീന മേഖലകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി.

പന്തളം നഗരസഭയില്‍ ഇടതു മുന്നണിയിലെ പ്രശ്‌നങ്ങളാണ് തോല്‍വിക്ക് കാരണം. ഇത് ബിജെപിയുടെ മുന്നേറ്റത്തിന് സഹായകരമായി. എല്ലാക്കാലത്തും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്ന ക്രൈസ്തവ വിഭാഗങ്ങള്‍ പൊതുവില്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടും ഇതിന്റെ കാരണങ്ങളിലൊന്നാണ്. ബിജെപിക്കെതിരെ മുഖ്യമന്ത്രിയും സിപിഐഎമ്മും സ്വീകരിച്ച നിലപാട് മുസ്ലിം വിഭാഗത്തിലെ ഒരു വിഭാഗം വോട്ടുകളും ഉറപ്പാക്കിയെന്നും സംസ്ഥാന സമിതി വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *